തലശേരി> ഭരണഘടന സംരക്ഷിക്കുന്നതിൽ ജുഡീഷ്യറി പലപ്പോഴും പരാജയപ്പെടുകയാണെന്ന് ജസ്റ്റിസ് കെ ചന്ദ്രു. ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം തുടങ്ങിയ വാക്കുകൾ സുപ്രീംകോടതിപോലും വേണ്ടത്ര മനസിലാക്കിയിട്ടില്ലെന്ന് ബാബ്റി മസ്ജിദ് മുതൽ കർണാടകത്തിലെ ഹിജാബ് നിരോധനംവരെയുള്ള കേസുകൾ ഉദാഹരിച്ച് ചന്ദ്രു പറഞ്ഞു.
സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി തലശേരിയിൽ നടന്ന ‘ജുഡീഷ്യറിയും ഭരണഘടനയും’ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതടക്കം ഇടപെടാൻ ജുഡീഷ്യറിക്കാകുന്നില്ല. തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടും അനുവദിച്ചില്ല. ഭൂരിപക്ഷവിശ്വാസം പരിഗണിച്ച് സുപ്രീംകോടതി കേസുകളിൽ വിധിപറയാൻ തുടങ്ങിയിരിക്കുന്നു. വിശ്വാസത്തിന് ഊന്നൽകൊടുത്ത ബാബറി മസ്ജിദ് കേസിൽ നിയമം പരിഗണിച്ചില്ല. വിദ്യാഭ്യാസ അവകാശ നിയമമുള്ള രാജ്യത്താണ് ഹിജാബ് ധരിച്ച് കുട്ടികൾ സ്കൂളിൽ വരേണ്ടെന്ന് വിധിയുണ്ടായത്. രാജ്യം ഭരിക്കുന്ന പാർടിയുടെ ലക്ഷ്യം ഒരു പാർടി, ഒരു രാജ്യം, ഒരു മതം, ഒരു പ്രധാനമന്ത്രി എന്ന ഏകാധിപത്യമാണ്.
ഭരണഘടന ആദ്യമായി ദുരുപയോഗം ചെയ്തത് കേരളത്തിലെ ഇ എം എസ് സർക്കാരിനെ പിരിച്ചുവിടാനാണ്. കോടതിയലക്ഷ്യ കേസുകളിലടക്കം ജുഡീഷ്യറിയുടെ വർഗതാൽപ്പര്യമുണ്ട്. കമ്യൂണിസ്റ്റുകാരായ ഇ എം എസിനും എം വി ജയരാജനുമെതിരെ കോടതിയലക്ഷ്യ ഹർജിയിൽ ശിക്ഷവിധിച്ചപ്പോൾ മറ്റുള്ളവരുടെ വിമർശം കോടതി കണ്ടില്ല. വിചാരണകൂടാതെയുള്ള കരുതൽ തടങ്കലിനെതിരെ എ കെ ജി മദ്രാസ് ഹൈക്കോടതിയിൽ നൽകിയ കേസാണ് ഭരണഘടനാവിഷയത്തിലെ ആദ്യകേസ്. വിരമിച്ച ചീഫ്ജസ്റ്റിസുമാർ ഗവർണറായും രാജ്യസഭാംഗമായും മാറുന്നത് നാം കാണുകയാണെന്നും ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.