കോഴിക്കോട്
സംസ്ഥാനത്തെ വിദ്യാർഥികൾക്ക് രണ്ട് ജോടി സൗജന്യ കൈത്തറി യൂണിഫോമിനുള്ള 43 ലക്ഷം മീറ്റർ തുണി തയ്യാർ. സർക്കാർ സ്കൂളിലെ ഒന്നുമുതൽ ഏഴ് വരെയും എയ്ഡഡിലെ ഒന്ന് മുതൽ നാലുവരെയുമുള്ള വിദ്യാർഥികൾക്കാണ് സൗജന്യ യൂണിഫോം. ഷർട്ടിനുള്ള 38 ലക്ഷം മീറ്റർ തമിഴ്നാട്ടിലെ ഡൈയിങ് സെന്ററിലേക്കയച്ചു. പാന്റ്സ്,- സ്കേർട്ട് എന്നിവയ്ക്കുള്ള ആറ് ലക്ഷം മീറ്ററിൽ 90 ശതമാനവും തയ്യാറായി. സംസ്ഥാനത്തെ 207 പ്രാഥമിക കൈത്തറി സംഘങ്ങളിലെ 6200-ഓളം തൊഴിലാളികളാണ് പദ്ധതിയുടെ ഭാഗമായത്. സ്കൂൾ അടയ്ക്കുംമുമ്പ് പാഠപുസ്തകമെത്തിച്ചിരുന്നു.
25 കോടി രൂപകൂടി അനുവദിച്ചു
പദ്ധതിക്ക് 25 കോടി രൂപകൂടി അനുവദിച്ച് സർക്കാർ ഉത്തരവായിരുന്നു. 2022–-23 വർഷം 120 കോടിയാണ് പദ്ധതി ചെലവ്.
കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് 2016–-17 കാലത്ത് എൽഡിഎഫ് സർക്കാരാണ് സൗജന്യ യൂണിഫോം പദ്ധതി നടപ്പാക്കുന്നത്. തൊഴിലാളികൾക്ക് 600 രൂപ വരെ കൂലിയും വർഷത്തിൽ 250ന് മുകളിൽ തൊഴിൽദിനവും ലഭിക്കുന്നു. ഇതുവരെ 232 കോടിയോളം രൂപ കൂലിയിനത്തിൽ നൽകി.