തിരുവനന്തപുരം
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽനിന്ന് സിപിഐ സ്ഥാനാർഥിയായി പി സന്തോഷ് കുമാർ മത്സരിക്കും. ഒഴിവുവരുന്ന മൂന്നു സീറ്റിൽ വിജയസാധ്യതയുള്ള രണ്ടെണ്ണത്തിൽ സിപിഐ എമ്മും സിപിഐയും മത്സരിക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എൽഡിഎഫ് സംസ്ഥാന സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. മികച്ച യോജിപ്പാണ് ഘടകകക്ഷികൾ തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തുടർന്നു നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സന്തോഷ് കുമാറിനെ മത്സരിപ്പിക്കാൻ തീരുമാനമായത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയറ്റിനുശേഷം സിപിഐ എം സ്ഥാനാർഥിയെ പ്രഖ്യാപിക്കും.
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമാണ് സന്തോഷ് കുമാർ. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് അംഗം, എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി ചുമതല വഹിച്ചിട്ടുണ്ട്. 2011ൽ ഇരിക്കൂർ അസംബ്ലി മണ്ഡലത്തിൽ മത്സരിച്ചു. 1971ൽ ഇരിക്കൂർ പടിയൂരിൽ കെ പി പ്രഭാകരന്റെയും പി വി രാധയുടെയും മകനായി ജനിച്ചു. സേലം രക്തസാക്ഷി പി അനന്തൻ മാസ്റ്ററുടെയും സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ കെ അടിയോടിയുടെയും പൗത്രനാണ്. ഭാര്യ: ഡോ. ലളിത (കൊയ്യം ജിഎച്ച്എസ്എസ് പ്രിൻസിപ്പൽ). മക്കൾ: ഹൃദ്യ (മിറാന്റാ കോളജ്, ഡൽഹി), ഹൃതിക് (പ്ലസ്വൺ വിദ്യാർഥി).