ന്യൂഡല്ഹി> വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില് ജയിലില് കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാന് നയതന്ത്ര തലത്തില് കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഡല്ഹി ഹൈക്കോടതിയില് ഹര്ജി. സേവ് നിമിഷ പ്രിയ ഇന്റര്നാഷണല് ആക്ഷന് കൗണ്സിലാണ് ഹര്ജി ഫയല് ചെയ്തത്.
2017ല് യമന് പൗരനായ തലാല് മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്ടാങ്കില് ഒളിപ്പിച്ചെന്ന കേസിലാണ് കോടതി നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില് പൂര്ത്തിയായിരുന്നു. വിചാരണക്കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ നിമിഷ പ്രിയ ഇന്ത്യന് എംബസിയുടെ സഹായത്തോടെ അപ്പീല് കോടതിയെ സമീപിക്കുകയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില് നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു ആവശ്യം. എന്നാല് ഇത് തള്ളുകയായിരുന്നു
വധശിക്ഷ ഒഴിവാക്കുന്നതിന് യമന് പൗരന്റെ ബന്ധുക്കള്ക്ക് നല്കേണ്ട ബ്ലഡ് മണി കൈമാറാനുള്ള സംവിധാനം ഒരുക്കാന് കേന്ദ്ര സര്ക്കാരിനോട് നിര്ദേശിക്കണമെന്നും ആക്ഷന് കൗണ്സില് ഹര്ജിയില് ആവശ്യപ്പെട്ടിട്ടുണ്ട്.