മലപ്പുറം> സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് ജലീന കറുകമണ്ണിലിന് ഇനി സഞ്ചരിക്കാനുള്ള ദൂരം. രക്തം നൽകി ജീവൻപകരാൻ കടൽ കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ വീട്ടമ്മ. ബോംബെ ഒ പോസിറ്റീവ് എന്ന അപൂർവ രക്തമുള്ള ജലീന അത്യാസന്നനിലയിലുള്ള സൗദി സ്വദേശിക്കാണ് രക്തം നൽകുക. വിസ ശരിയായാൽ അടുത്ത ആഴ്ച സൗദിയിലേക്ക് പറക്കും.
ലോകത്തിൽത്തന്നെ അപൂർവ രക്ത ഗ്രൂപ്പാണ് ബോംബെ ഒ പോസിറ്റീവ്. 35 വയസിനുള്ളിൽ ഏഴുതവണ രക്തം നൽകി. സാമൂഹ്യസേവനത്തിനുപരി രക്തദാനത്തിന്റെ സന്ദേശം ലോകത്തിന് പകരുകയാണ് സൗദിയാത്രയുടെ ലക്ഷ്യമെന്ന് ജലീന പറഞ്ഞു. മടിയും പേടിയും മറന്ന് സ്ത്രീകൾ സേവനത്തിന് തയ്യാറാകണമെന്നും വനിതാദിന സന്ദേശത്തിൽ ജലീന ആവശ്യപ്പെടുന്നു.
2008ൽ ഓപറേഷൻ ബ്ലഡ് ക്രോസ് മാച്ചിലാണ് തന്റെ രക്തം അപൂർവയിനത്തിലേതെന്ന് തിരിച്ചറിയുന്നത്. അവതുവരെ ഒ പോസിറ്റീവായിരുന്നു എന്നാണ് കരുതിയിരുന്നത്. പിന്നീട് പല ദിക്കുകളിൽനിന്നും വിളിയെത്തി. 2010ൽ എറണാകുളത്തെത്തി ആദ്യം രക്തം നൽകി. പിന്നീട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും രക്തം ദാനംചെയ്തു.
ബ്ലഡ് ഡോണേഴ്സ് കേരള, ബോംബെ ഡോണേഴ്സ് കേരള എന്നീ കൂട്ടായ്മകളുടെ പ്രവർത്തനം ആവശ്യക്കാരുടെ അടുത്തേക്ക് എത്തിക്കും. മലപ്പുറം കുന്നുമ്മൽ സ്വദേശിനിയായ ജലീന കുന്നുമ്മലിലെ ഐടി സ്ഥാപന ജീവനക്കാരിയാണ്. ഭർത്താവ് സക്കരിയ ചെറുപറമ്പിൽ (ദുബായ്). മക്കൾ: സോണ, സന, ശിദ്ര.