കൊച്ചി
മലയാള സിനിമാ മേഖല എല്ലാവർക്കും വഴികാട്ടിയാണെന്ന് തമിഴ് നടൻ സൂര്യ പറഞ്ഞു. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളിൽ സിനിമയുടെ പങ്ക് എങ്ങനെയായിരിക്കണമെന്ന് മലയാളം സിനിമ പഠിപ്പിക്കുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകൾ ഉദാഹരണമാണെന്നും വാർത്താസമ്മേളനത്തിൽ സൂര്യ പറഞ്ഞു. “എതിർക്കും തുനിന്തവൻ’ സിനിമയുടെ പ്രചാരണത്തിന് കൊച്ചിയിലെത്തിയതാണ് സൂര്യ.
ജയ് ഭീം സിനിമ കണ്ടശേഷം മുൻമന്ത്രി കെ കെ ശൈലജ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. സിനിമയെക്കുറിച്ച് ഒരുപാട് സംസാരിച്ചു. അത് വലിയ ആത്മവിശ്വാസം നൽകി. ചെയ്യുന്ന സിനിമകളും എടുക്കുന്ന തീരുമാനങ്ങളും ശരിയാണെന്ന് തോന്നി. ജയ് ഭീം പോലുള്ള സിനിമകളിലൂടെ സമൂഹത്തിൽ വലിയമാറ്റം കൊണ്ടുവരാനാകും. അത്തരം സിനിമകൾ കൂടുതലായി വരണം. എങ്ങനെ സിനിമയെ മാറ്റിയെടുക്കാമെന്ന ചർച്ചകൾ നടക്കണം.
നടിയെ ആക്രമിച്ചതുപോലുള്ള സംഭവങ്ങൾ ഈ കാലഘട്ടത്തിൽ നടക്കാൻ പാടില്ല. സ്ത്രീകൾക്ക് സമൂഹത്തിൽ ആദരവ് നൽകണം. കേരളം അതിന് എല്ലാക്കാലത്തും മാതൃക കാണിച്ചിട്ടുണ്ടെന്നും സൂര്യ പറഞ്ഞു. സംവിധായകൻ പാണ്ടിരാജ്, നടൻ സൂരി എന്നിവരും പങ്കെടുത്തു.