തിരുവനന്തപുരം
ഭാവി സുരക്ഷിതമാക്കാൻ ലിംഗസമത്വം ഉറപ്പാക്കണമെന്ന ആശയം സംസ്ഥാന സർക്കാർ മുറുക്കെ പിടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്ന പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീധനത്തിന് അറുതി വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സ്ത്രീകളെ കമ്പോള ചരക്കായി തരംതാഴ്ത്തുന്ന സമീപനം അവസാനിപ്പിക്കാൻ ലിംഗ സമത്വം അത്യന്താപേക്ഷിതമാണ്. കേരളത്തിൽ സ്ത്രീകളെ കമ്പോളീകരിക്കുന്ന ഏറ്റവും ദുഷിച്ച ഏർപ്പാട് സ്ത്രീധനമാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ശാന്താ ജോസ്, വൈക്കം വിജയലക്ഷ്മി, സുനിത കൃഷ്ണൻ, യു പി വി സുധ എന്നിവർക്ക് മുഖ്യമന്ത്രി വനിതാരത്ന പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനത്തെ മികച്ച അങ്കണവാടി വർക്കർമാർ, ഹെൽപ്പർമാർ, സൂപ്പർവൈസർമാർ, ശിശുവികസന പദ്ധതി ഓഫീസർ, പ്രോഗ്രാം ഓഫീസർ, കലക്ടർ (കോഴിക്കോട് മുൻ കലക്ടർ സാംബശിവറാവു) എന്നിവർക്കുള്ള അവാർഡ് വിതരണം ചെയ്തു. ജില്ലകളിലെ മികച്ച അങ്കണവാടികൾക്കുള്ള ഐസിഡിഎസ് അവാർഡും വിതരണം ചെയ്തു. സ്ത്രീധനത്തിനെതിരായുള്ള പരാതി റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടൽ ഉദ്ഘാടനവും വിവാഹ പൂർവ കൗൺസലിങ് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു.
മന്ത്രി വി ശിവൻകുട്ടി “അങ്കണപ്പൂമഴ ജെൻഡർ ഓഡിറ്റഡ് അങ്കണവാടി പാഠപുസ്തകം’ പ്രകാശിപ്പിച്ചു. മന്ത്രി ആർ ബിന്ദു അട്ടപ്പാടിയിലെ “പെൻട്രിക കൂട്ട’ പദ്ധതിയുടെ പ്രഖ്യാപനം നടത്തി. മന്ത്രി ജെ ചിഞ്ചുറാണി പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതി “ധീര’ ഉദ്ഘാടനം ചെയ്തു.
വി കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വനിതാ കമീഷൻ അധ്യക്ഷ പി സതീദേവി, പ്ലാനിങ് ബോർഡംഗം മിനി സുകുമാർ, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി വി അനുപമ എന്നിവരും പങ്കെടുത്തു.