ന്യൂഡൽഹി
ഉക്രയ്ൻ സൈന്യത്തിൽ കോയമ്പത്തൂർ സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ ചേർന്നു. ഖാർകിവ് ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാനവർഷ എൻജിനിയറിങ് വിദ്യാർഥി സായ് നികേഷ് രവിചന്ദ്രനാണ് ഉക്രയ്നിന്റെ സന്നദ്ധ സൈനിക സേനയായ ഇന്റർനാഷണൽ ലീജിയനിൽ ചേർന്നത്. 2018ലാണ് സായ് നികേഷ് ഉക്രയ്നിലെത്തുന്നത്. 2022 ജൂലൈയിൽ കോഴ്സ് പൂർത്തിയാകും.
ഉക്രയ്നിൽ ആക്രമണമുണ്ടായശേഷം സായ് നികേഷ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. എംബസിയുടെ സഹായത്തോടെ ബന്ധുക്കൾ സായ് നികേഷിനെ വിളിച്ചപ്പോഴാണ് സൈന്യത്തിൽ ചേർന്ന വിവരം അറിയിച്ചത്.
സായ് നികേഷിന് ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നെന്നും ഉയരക്കുറവ് കാരണം രണ്ട് തവണ അവസരം നഷ്ടപ്പെട്ടെന്നും ബന്ധുക്കൾ പറയുന്നു.പിന്നീട് അമേരിക്കന്‍ സൈന്യത്തില്‍ ചേരാന്‍ കഴിയുമോ എന്നറിയാൻ ചെന്നൈയിലെ യുഎസ് കോണ്സുലേറ്റിനെ് സമീപിച്ചതായി ബന്ധുക്കൾ പറയുന്നു. അവിടെയും അവസരം ലഭിക്കാതെ വന്നതോടെയാണ് ഉക്രയ്നിൽ പഠിക്കാൻ പോയത്. വിദേശ പൗരന്മാരിൽനിന്ന് സൈന്യത്തിൽ ചേരാൻ ഇരുപതിനായിരത്തോളം അപേക്ഷകൾ ലഭിച്ചതായി ഉക്രയ്ൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ നിയമമനുസരിച്ച്, ഒരു പൗരൻ ഒരു വിദേശ രാജ്യത്ത് യുദ്ധത്തിൽ പങ്കെടുക്കുന്നത് കുറ്റകരമാണ്. സൈന്യത്തില്‍ ചേരാനുള്ള നടപടി ഉക്രയ്ൻ സർക്കാർ ലളിതമാക്കിയിരുന്നു.