ന്യൂഡൽഹി
അഞ്ചു സംസ്ഥാനത്തെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നപ്പോൾ ഒരേപോലെ ചങ്കിടിപ്പിലാണ് ബിജെപിയും കോൺഗ്രസും. ഉത്തർപ്രദേശ് ബിജെപിനിലനിർത്തിയാലും സീറ്റ് ഗണ്യമായി കുറയുമെന്നാണ് പ്രവചനം. ഉത്തരാഖണ്ഡിലും ഗോവയിലും ഭരണം നിലനിർത്താനാകുമോ എന്നതിൽ അവ്യക്തത. ഭരണമുണ്ടായിരുന്ന പഞ്ചാബ് കോൺഗ്രസിന് നഷ്ടപ്പെടുമെന്ന് എല്ലാ എക്സിറ്റ് പോളും പ്രവചിക്കുന്നു. മറ്റേതെങ്കിലും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ഉറപ്പുമില്ല. പഞ്ചാബ് നഷ്ടമാവുകയും മറ്റ് സംസ്ഥാനങ്ങളൊന്നും നേടാതിരിക്കുകയും ചെയ്താൽ രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ രണ്ടായി ചുരുങ്ങും.
ജൂലൈയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎൽഎമാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ബിജെപിക്ക് തിരിച്ചടിയാകും. ലോക്സഭയിൽ വലിയ ഭൂരിപക്ഷത്തിനൊപ്പം രാജ്യസഭയിൽക്കൂടി കേവല ഭൂരിപക്ഷമെന്ന മോഹത്തിനും മങ്ങലേല്‍ക്കും.
യുപിയിൽ എൻഡിഎക്ക് നിലവിൽ 326 എംഎൽഎമാരുണ്ട്. ബിജെപിക്കുമാത്രം 312. എക്സിറ്റ് പോളുകളുടെ ശരാശരിയെടുത്താൽ എൻഡിഎയുടെ സീറ്റുനില 260 ആകും. 66 എംഎൽഎമാരെ നഷ്ടമാകും. ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് എന്നിവിടങ്ങളിലും എൻഡിഎക്ക് സീറ്റ് കുറയുമെന്നാണ് പ്രവചനം. യുപിയിൽ പ്രതിപക്ഷം കരുത്താർജിക്കുന്നത് 2024ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിക്ക് വെല്ലുവിളിയാകും.
പഞ്ചാബില്‍ തോറ്റാല്‍ കോൺഗ്രസില്‍ കടുത്ത സംഘടനാ പ്രതിസന്ധിയുണ്ടാകും.
രാഹുൽ ഗാന്ധിയുടെ നേതൃത്വം ഒരിക്കൽക്കൂടി ചോദ്യംചെയ്യപ്പെടും. ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽക്കൂടി ഭരണം ലഭിക്കാതായാൽ ജി–-23 പോലുള്ള വിമതസ്വരങ്ങൾ കരുത്താർജിക്കും.