കൊച്ചി
ലോക്കോ പൈലറ്റുമാർക്ക് നൽകുന്ന ലൈൻ ബോക്സുകൾ ചെലവുചുരുക്കലിന്റെ പേരിൽ നിർത്താൻ കേന്ദ്രസർക്കാർ നീക്കം. പകരമായി ട്രോളി ബാഗുകൾ വാങ്ങാൻ ജീവനക്കാർക്ക് പണം നൽകുമെന്നാണ് അറിയിപ്പ്. എന്നാൽ, സ്ഫോടകവസ്തു വിഭാഗത്തിൽപ്പെടുന്ന സാധനങ്ങൾവരെ ലൈൻ ബോക്സുകളിലുണ്ടെന്നും ഇവ ട്രോളി ബാഗുകളിൽ സൂക്ഷിക്കാനാകില്ലെന്നും ലോക്കോ പൈലറ്റുമാർ പറയുന്നു.
ട്രെയിനുകളിൽ സുരക്ഷയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ലൈൻ ബോക്സുകളിൽ ഉണ്ടാകുക. ട്രെയിൻ അപകടത്തിൽപ്പെട്ടാൽ മറ്റ് ട്രെയിനുകൾക്ക് മുന്നറിയിപ്പു നൽകാൻ ഉപയോഗിക്കുന്ന ഡിറ്റണേറ്ററുകൾ, ഫ്യൂസി, ലഘുവായ അറ്റകുറ്റപ്പണികൾക്കുള്ള ഉപകരണങ്ങൾ, സുരക്ഷാ സംവിധാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങൾ തുടങ്ങിയവയാണ് ഉണ്ടാകുക. ഓരോ ലോക്കോ പൈലറ്റിനും ഇത് പ്രത്യേകം ഉണ്ടാകും. ഡ്യൂട്ടി തുടങ്ങുന്ന സ്റ്റേഷനിൽ ബോക്സ് എൻജിനിൽ എത്തിക്കുന്നതും അവസാനിക്കുന്നിടത്ത് ഇറക്കുന്നതും പോർട്ടർമാരാണ്. ഇവർക്ക് 30 രൂപയാണ് കൂലി നൽകുന്നത്. ഈ തുക ലാഭിക്കാനെന്ന പേരിലാണ് ലൈൻ ബോക്സ് ഇല്ലാതാക്കുന്നത്. ഇതിൽ ഉൾക്കൊള്ളുന്ന വസ്തുക്കൾ ലോക്കോ പൈലറ്റുമാർ സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കണമെന്നാണ് നിർദേശം. ഇതിനാണ് ട്രോളി ബാഗ് വാങ്ങാൻ പണം നൽകുന്നത്. ഇന്ത്യയിൽ നാൽപ്പതിനായിരത്തിലധികം ലോക്കോ പൈലറ്റുമാരുണ്ട്.
ലൈൻ ബോക്സിലെ സാമഗ്രികളായ ഫ്യൂസിയും ഡിറ്റണേറ്ററും സ്ഫോടകവസ്തുക്കളുടെ വിഭാഗത്തിൽപ്പെടുമെന്ന് ലോക്കോ പൈലറ്റുമാർ പറയുന്നു. ഇവ വ്യക്തിപരമായി സൂക്ഷിക്കരുതെന്ന് റെയിൽവേയുടെ നിർദേശമുണ്ട്. 25 കിലോയിലേറെ ഭാരം വരും. ബാഗുകൾക്ക് പകരം എൻജിന് അകത്തുതന്നെ പ്രത്യേക ബോക്സ് സ്ഥാപിച്ച് സുരക്ഷാസാമഗ്രികൾ ഇതിൽ പൂട്ടി സൂക്ഷിക്കാൻ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. കേന്ദ്രസർക്കാൻ നടപടിക്കെതിരെ ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) രാജ്യവ്യാപകമായി ധർണ നടത്തി.