തിരുവനന്തപുരം> വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ നാല് പോലീസുകാർക്ക് കുത്തേറ്റു. കല്ലമ്പലം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ജയൻ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വിനോദ്, ശ്രീജിത്ത്, ചന്തു എന്നിവർക്കാണ് കുത്തേറ്റത്. ഗുരുതതരമായി പരിക്കേറ്റ ശ്രീജിത്ത്, ചന്തു, ജയൻ എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
പിടികിട്ടാപ്പുള്ളിയും വധശ്രമം ഉൾപ്പെടെ നിരവധി ക്രമിനൽ കേസുകളിലെ പ്രതിയുമായ ചാവർകോട് ആശാരിമുക്ക് മേലേകോട്ടക്കകം വീട്ടിൽ അനസ് ജാനാണ് (30) പോലീസുകാരെ കുത്തിയത്. ആക്രമണത്തിൽ പരിക്കേറ്റിട്ടും പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടി. പാതിരപ്പള്ളിയിൽ ചൊവ്വ വൈകിട്ടായിരുന്നു സംഭവം. ഇവിടെയുള്ള ബാറിന് സമീപം അനസെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് വന്നത്. എന്നാൽ പൊലീസിനെ കണ്ടേതോടെ കത്തിയുമായി ആക്രമണം നടത്തുകയായിരുന്നു.
പോലീസിനെ ആക്രമിച്ചതും ഇരുപത്തിയെട്ടാം മൈലിൽ ക്ലബ്ബിന് നേരെ ബോംബ് എറിഞ്ഞതും ബാറിൽ അടിപിടി ഉണ്ടാക്കിയതുമുൾപ്പെടെ നിരവധി കേസിൽ പ്രതിയാണ് അനസ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും പിടികൂടുന്ന സമയം സിറിഞ്ച് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. അനസിനെ അറസ്റ്റ് ചെയ്തു.