കീവ്> ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദിവസങ്ങളായി ഉക്രയ്ന്റെ വടക്ക് കിഴക്കന്‍ മേഖലയായ സുമിയില്‍ കുടുങ്ങിക്കിടന്നവരെ ഒഴിപ്പിച്ച് തുടങ്ങി. ഇവരെ പോള്ട്ടോവയിലെത്തിച്ച് അവിടെ നിന്നും പടിഞ്ഞാറന്‍ അതിര്‍ത്തിവഴി ഉക്രയ്ന് പുറത്തെത്തിക്കാനാണ് ശ്രമം. ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ആദ്യ വാഹന വ്യൂഹം പുറപ്പെട്ടതായി സുമി ഗവര്‍ണര്‍ അറിയിച്ചു.സുമിയിലെ സുരക്ഷിത പാത തുറന്നതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ തുടങ്ങിയെന്ന ആശ്വാസ വാര്‍ത്ത പുറത്ത് വരുന്നത്.
694 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി ബസ് സുമിയില്‍ നിന്നും പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സുമിയില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെയാണ് പോള്‍ട്ടോവ. വിദ്യാര്‍ഥികളെ ഉള്‍പ്പെടെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വെടിനിര്‍ത്തലും സുരക്ഷിത പാതയും ഒരുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുള്‍പ്പെടെയുള്ള അന്താരാഷ്ട സമൂഹം വലിയ സമ്മര്‍ദം ചെലുത്തിയിരുന്നു.
റഷ്യയുടെ ഉക്രയ്ന് അധിനിവേശം തുടങ്ങി പതിമൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. 11 മണിക്കൂര്‍ സമയമാണ് ഒഴിപ്പിക്കലിന് ലഭിച്ചിരിക്കുന്നത്