മുന്നണി മാറ്റത്തിന്റെ ആവശ്യമില്ല. ഹൈദരലി ശിഹാബ് തങ്ങൾ അസുഖബാധിതനായി കിടക്കുന്ന സമയത്ത് നടന്ന പാർട്ടിയുടെ പ്രധാന യോഗങ്ങളിൽ പങ്കാളിയായിരുന്നു. അത്തരം ചർച്ചകളൊന്നും പാർട്ടി യോഗങ്ങളിൽ നടന്നിട്ടില്ല. മുന്നണി വിടുമെന്ന ഊഹാപോഹം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തള്ളിക്കളഞ്ഞിട്ടുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വരുമ്പോഴാണ് കേരളത്തിൽ നല്ല റോഡുകളും പാലങ്ങളും വരുന്നതെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അതിനിടയിൽ ലീഗ് അങ്ങോട്ടു പോകും ഇങ്ങോട്ടു പോകും എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
നാല് പതിറ്റാണ്ടുകളോളമായി യുഡിഎഫ് സംവിധാനത്തിന്റെ ഭാഗമായാണ് കോൺഗ്രസും ലീഗും പ്രവർത്തിക്കുന്നത്. സംസ്ഥാനത്തിന്റെ ഭൗതിക പുരോഗതിക്ക് ഈ സംവിധാനം തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുതിയകാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളും നേരിടുന്ന വെല്ലുവിളിയാണ് മുസ്ലിം ലീഗ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കു പറയാനുള്ള കാര്യങ്ങൾ സത്യസന്ധമായി സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരിലേക്കും എത്തിക്കും. സൈബർ ആക്രമണത്തിന് ലീഗില്ല. യുഡിഎഫിന്റെ ശക്തി ന്യൂനപക്ഷങ്ങളുടെ പിന്തുണയും ഭൂരിപക്ഷത്തിന്റെ വിശ്വാസവുമാണ്. ഇത് സംയോജിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്നതിൽ വീഴ്ച സംഭവിച്ചാൽ യുഡിഎഫിന് ക്ഷീണം സംഭവിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
മുസ്ലിം ലീഗും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും യുഡിഎഫ് വിട്ട് ഇടതു മുന്നണിയിൽ പ്രവേശിക്കുമെന്നായിരുന്നു അഭ്യൂഹം. പി കെ കുഞ്ഞാലിക്കുട്ടിയും കെ ടി ജലീലും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ഇതുസംബന്ധിച്ച പ്രചാരണങ്ങൾ ശക്തമാക്കി. എന്നാൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം അഭ്യൂഹങ്ങൾ തള്ളി. ഒരു വിവാഹ വീട്ടിൽ വെച്ച് കുഞ്ഞാലിക്കുട്ടിയും ജലീലും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് മുന്നണിമാറ്റത്തെക്കുറിച്ചുള്ള ചർച്ചയായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.