കീവ്
ഒഴിപ്പിക്കൽ നടപടികൾ തുടർച്ചയായി പരാജയപ്പെടുന്നത് ജനങ്ങളെ ഷെൽ ആക്രമണം നടക്കുന്ന നഗരങ്ങളിൽ തുടരാൻ നിർബന്ധിതരാക്കുന്നുവെന്ന് ഉക്രയ്ൻ. കീവ്, ഖർകിവ്, ഇർപിൻ നഗരങ്ങളിലെല്ലാം റഷ്യ ആക്രമണം തുടരുകയാണ്. ഖർകിവിൽ റോക്കറ്റ് ആക്രമണത്തിൽ കാർ തകർന്നു. ഒരാൾ കൊല്ലപ്പെട്ടു. കീവിൽ തെരുവുകളിൽ മൃതദേഹങ്ങളാണ്. ഇർപിനിൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. വിനിറ്റ്സ്കി വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒൻപതുപേർ കൊല്ലപ്പെട്ടു.
തീരനഗരമായ മരിയുപോൾ ദിവസങ്ങളായി ഒറ്റപ്പെട്ട നിലയിലാണ്. ഭക്ഷണവും മരുന്നും വെള്ളവുമടക്കം ഇങ്ങോട്ടേയ്ക്ക് എത്തിക്കാനായിട്ടില്ല. രണ്ട് ലക്ഷം പേരാണ് മരിയുപോളിൽ കുടുങ്ങിയിട്ടുള്ളത്. മാനുഷിക ഇടനാഴികൾക്ക് പകരം അവർ രക്തരൂഷിതമായ ഇടനാഴികളാണ് നിർമിക്കുന്നതെന്ന് ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി പറഞ്ഞു. ആഗോളതലത്തിൽ റഷ്യൻ ഉൽപ്പന്നങ്ങളും എണ്ണയും ബഹിഷ്കരിക്കണമെന്നും സെലൻസ്കി പറഞ്ഞു. അതേസമയം, ഉക്രയ്ന് യുദ്ധവിമാനങ്ങൾ നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് പോളണ്ട് അറിയിച്ചു.