തിരുവനന്തപുരം
സിൽവർലൈൻ പദ്ധതിക്കെതിരായ അന്ധമായ എതിർപ്പ് ജനങ്ങൾക്കിടയിൽ വേരോടുന്നില്ലെന്ന് തെളിയിച്ച് സർവേ പുരോഗമിക്കുക. കടുത്ത രാഷ്ട്രീയ എതിർപ്പുകളും നിയമയുദ്ധവും നേരിട്ട ശേഷമാണ് മൂന്നാഴ്ചയായി അതിർത്തി കല്ലിടൽ വേഗത്തിലായത്. ഇതിനകം അയ്യായിരത്തോളം കല്ലുകൾ സ്ഥാപിച്ചു. രാഷ്ട്രീയ താൽപ്പര്യത്തിന്റെ പേരിൽ ചിലയിടങ്ങളിൽ എതിർപ്പുയരുന്നുണ്ട്. എങ്കിലും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമാണെന്നാണ് സർവേയുടെ വേഗത വ്യക്തമാക്കുന്നത്.
സ്ഥലം വിട്ടുകൊടുക്കുന്നവരുടെ നേട്ടംകൂടി ലക്ഷ്യമിട്ട് നടത്തുന്ന സാമൂഹ്യാഘാത പഠനത്തിനുവേണ്ടിയാണ് കല്ലിടുന്നത്. അളവും അതിർത്തി തിരിക്കലും കല്ലിടലും സ്ഥലം ഏറ്റെടുക്കാനാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ വ്യാപക ശ്രമം നടന്നു. എന്നാൽ, കല്ലിടാൻ കെ –റെയിലിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ നടപടികൾ വേഗത്തിലായി.തിരൂർമുതൽ കാസർകോടുവരെ റെയിൽവേ ഭൂമിയിലൂടെയാണ് പാത കടന്നുപോകുന്നത്. ഈ സ്ഥലത്ത് റെയിൽവേ, കെ –റെയിൽ ഉദ്യോഗസ്ഥർ സംയുക്ത പരിശോധന തുടങ്ങിയിരുന്നു.
ദക്ഷിണ റെയിൽവേ അനുമതി നൽകിയതിനെ തുടർന്നായിരുന്നു നടപടി. സുരക്ഷ, നിലവിലുള്ള പാതയുമായുള്ള അകലം, മൺതിട്ടകളുടെ ബലം തുടങ്ങിയ കാര്യങ്ങളാണ് പരിശോധനയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഇത് പൂർത്തിയാക്കാൻ ഇപ്പോൾ റെയിൽവേ താൽപ്പര്യമെടുക്കുന്നില്ലെന്നാണ് ആക്ഷേപം. അന്തിമ അനുമതി കിട്ടിയാലുടൻ പദ്ധതി നിർവഹണം ആരംഭിക്കാൻ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് കെ റെയിൽ.
140 കിലോമീറ്റർ കല്ലിട്ടു
സിൽവർലൈൻ കടന്നുപോകുന്ന 140 കിലോമീറ്റർ സ്ഥലത്ത് സാമൂഹ്യ ആഘാതപഠനത്തിനായി കല്ലിട്ടു. 530 കിലോമീറ്ററാണ് ആകെയുള്ളത്. കാസർകോട്, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലയിൽ പ്രവൃത്തി അതിവേഗം പുരോഗമിക്കുകയാണ്. പത്തനംതിട്ടയിലാണ് ആരംഭിക്കാനുള്ളത്. നഷ്ടപരിഹാര–-പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുന്നോടിയാണ് കല്ലിടൽ. അന്തിമ അനുമതിക്ക് ശേഷമേ ഭൂമി ഏറ്റെടുക്കലുണ്ടാകൂ.