തിരുവനന്തപുരം> ആറുവർഷമായി നീളുന്ന പാമ്പുപിടിത്തം, വിഷമുള്ളതും ഇല്ലാത്തതുമായി പിടികൂടിയത് 1800ൽ അധികം പാമ്പുകളെ… ഇതിലൊന്നും ഒതുങ്ങുന്നില്ല തിരുവനന്തപുരം നന്ദിയോട് സ്വദേശിനി രാജി അനിൽകുമാറിന്റെ(38) സാഹസികത. ക്രെയിൻ അടക്കമുള്ള വലിയ വാഹനങ്ങൾ ഓടിക്കുന്നതും രാജിക്ക് ഹരമാണ്. അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് ഇത്തവണ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്ന്റ് (കിലെ) ആദരിക്കുന്ന 13 വനിതകളിൽ ഒരാളാണ് രാജി.
വാവ സുരേഷാണ് പാമ്പ് പിടിത്തത്തിൽ പ്രചോദനം. 2020ൽ വനം വകുപ്പിന്റെ “സ്നെയ്ക്ക് ഹാൻഡ്ലർ’ സർട്ടിഫിക്കറ്റും കിട്ടി. വിവാഹശേഷമാണ് രാജി പാമ്പ് പിടിത്തത്തിലേക്ക് തിരിഞ്ഞത്. സ്വദേശം മലയോരമേഖലയായതിനാൽ കുട്ടിക്കാലംമുതൽ ഇഴജന്തുക്കളെ കാണുമായിരുന്നു. അതൊരു ഇഷ്ടമായി വളർന്നാണ് പാമ്പുപിടിത്തത്തിലേക്ക് എത്തിയത്.
2018ൽ മൂർഖന്റെ കടിയേറ്റെങ്കിലും സുരക്ഷിതയായി തിരിച്ചുവന്നു. “സ്നെയ്ക്ക് ക്യാച്ചർ എന്ന വടിയും കറുത്ത കവറുമൊക്കെ ഉപയോഗിച്ച് ശാസ്ത്രീയമായാണ് പാമ്പുപിടിത്തം. “പാമ്പിനെ പിടിച്ചശേഷം സമീപത്തെ റെയ്ഞ്ച് ഓഫീസിൽ ഏൽപ്പിച്ച് വിവരങ്ങൾ വനംവകുപ്പിന്റെ സർപ്പ ആപ്പിൽ ചേർക്കണം’–-രാജി പറയുന്നു. ഭർത്താവ് അനിൽകുമാറും മക്കളായ അനാമികയും അഭിരാമിയും പൂർണ പിന്തുണയേകുന്നു. ചൊവ്വ രാവിലെ 8.30ന് തമ്പാനൂർ അപ്പോളോ ഡിമോറയിൽ മന്ത്രി വീണാ ജോർജിൽ നിന്നാണ് രാജിയടക്കമുള്ളവർ പുരസ്കാരം ഏറ്റുവാങ്ങുക.