ന്യൂഡൽഹി> നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഏഴു ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. എൻ എസ്ഇ തിരിമറിക്കേസിൽ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹിയിലെ പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു. ചിത്രയെ 14 ദിവസം ചോദ്യം ചെയ്യണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരുന്നത്.
2013 മുതൽ 2016 വരെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എംഡി ആയിരുന്ന ചിത്ര പല തിരിമറികളും നടത്തിയെന്നാണ് കേസ്. എന്നാൽ ഹിമാലയത്തിലെ ഒരു സന്യാസിയുടെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നാണ് ചിത്ര ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. ഈ സന്യാസിയുടെ ഇമെയിലിലേക്ക് എൻഎസ്ഇയുടെ സുപ്രധാന വിവരങ്ങൾ ചിത്ര അയച്ചിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു.