തിരുവനന്തപുരം> അന്താരാഷ്ട്ര വനിതാ ദിനത്തിൽ സർക്കാർ ആംബുലൻസ് മേഖലയിലെ ആദ്യ ഡ്രൈവറായി കോട്ടയം മേമുറി പാലപ്പറമ്പിൽ വീട്ടിൽ ദീപമോൾ ചുമതലയേൽക്കും. സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലെ ആദ്യ വനിതാ ഡ്രൈവറായാണ് ദീപമോൾ ചുമതലയേൽക്കുന്നത്.
നിലവിൽ രാജ്യത്ത് ട്രാവലർ ആംബുലൻസുകൾ ഓടിക്കുന്ന ചുരുക്കം വനിതകൾ മാത്രമാണുള്ളത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 രാവിലെ 10.45ന് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന്റെ മുൻവശത്ത് വച്ച് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ് ദീപമോൾക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറും.
ദീപമോളെ പോലുള്ളവർ ആത്മവിശ്വാസത്തോടെ ഈ രംഗത്തേക്ക് വരുന്നത് മറ്റുള്ള സ്ത്രീകൾക്ക് കരുത്ത് പകരുന്നതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആതുരസേവനത്തിനോടുള്ള താത്പര്യമാണ് ദീപമോളെ ഇപ്പോൾ കനിവ് 108 ആംബുലൻസസിന്റെ സാരഥിയാക്കിയിരിക്കുന്നത്. ആംബുലൻസ് ഡ്രൈവർ ആകണമെന്ന ആഗ്രഹം അറിയിച്ച ദീപമോൾക്ക് അതിനുള്ള അവസരം ഒരുക്കി നൽകുകയായിരുന്നു. ദീപമോൾക്ക് എല്ലാ ആശംസകളും മന്ത്രി നേർന്നു.
യാത്രകളോടുള്ള അതിയയായ മോഹമാണ് 2008ൽ ദീപമോളെ ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ പ്രേരിപ്പിച്ചത്. ഭർത്താവ് മോഹനന്റെ പിന്തുണയോടെ 2009ൽ ദീപമോൾ വലിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഹെവി ലൈസൻസും കരസ്ഥമാക്കി. ഭർത്താവിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഡ്രൈവിങ് മേഖല തുടർന്ന് ഉപജീവന മാർഗമാക്കാൻ ദീപമോൾ തീരുമാനിച്ചു. ഡ്രൈവിങ് സ്കൂൾ അധ്യാപികയായും, ടിപ്പർ ലോറി ഡ്രൈവറായും, ടാക്സി ഡ്രൈവറായുമൊക്കെ ദീപമോൾ ജോലി ചെയ്തു.
2021ൽ തന്റെ കാലങ്ങളായുള്ള കോട്ടയം ലഡാക് ബൈക്ക് യാത്ര എന്ന മോഹവും ദീപമോൾ സഫലീകരിച്ചു. ഭർത്താവ് മോഹനന്റെയും വിദ്യാർത്ഥിയായ ഏക മകൻ ദീപകിന്റെയും പിന്തുണയിൽ 16 ദിവസം കൊണ്ടാണ് ദീപമോൾ കോട്ടയത്ത് നിന്ന് ലഡാക് വരെ തന്റെ ബൈക്കിൽ സഞ്ചരിച്ച് എത്തിയത്. കുന്നംകുളത്ത് നടന്ന ഓഫ് റോഡ് ജീപ്പ് മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡ്രൈവിങ് ടെസ്റ്റ് ഉൾപ്പടെയുള്ള നടപടികളും പരിശീലനവും പൂർത്തിയാക്കിയാണ് ദീപമോൾ വനിതാ ദിനത്തിൽ 108 ആംബുലൻസ് പദ്ധതിയുടെ ഡ്രൈവിങ് സീറ്റിലേക്ക് എത്തുന്നത്.
സ്ത്രീകൾ അടുക്കളയിൽ മാത്രം ഒതുങ്ങാതെ നമുക്ക് അറിയാവുന്ന തൊഴിൽ അത് എന്തും ആയിക്കൊട്ടെ അതുമായി മുന്നണിയിലേക്ക് എത്തണമെന്നാണ് ദീപമോൾക്ക് പറയാനുള്ളത്. ഏതൊരു തൊഴിലും ചെയ്യാനുള്ള മനോധൈര്യം സ്ത്രീകൾക്ക് ഉണ്ടാകണം. മറ്റാരെയും ആശ്രയിക്കാതെ സ്വന്തം നിലയിൽ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയെടുക്കണമെന്നും ദീപ മോൾ പറഞ്ഞു.