മലപ്പുറം > അന്തരിച്ച മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നടന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമാണ് പാണക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്. എന്നും മതമൈത്രിയ്ക്ക് വേണ്ടി നിലകൊണ്ട ഹൈദരലി തങ്ങൾ സവിശേഷവ്യക്തിത്വത്തിന് ഉടമയാണ്. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും രാഷ്ട്രീയകാര്യ സമിതി ചെയർമാനുമാണ്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.
മലപ്പുറം ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാത്രി എത്തി അന്തിമോപചാരം അർപ്പിച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, മന്ത്രിമാരായ പി രാജീവ്, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, പി പ്രസാദ്, സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നടൻ മമ്മൂട്ടി, പി സി ചാക്കോ, എ എൻ രാധാകൃഷ്ണൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പളളി, കെ ബാബു, റോജി എം ജോൺ, അനൂപ് ജേക്കബ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.