കണ്ണൂർ
വിവരങ്ങളെ വിമർശനാത്മകമായി സമീപിക്കാനുള്ള ശേഷി വളർത്തുന്നതിൽ വായനശാലകളുടെ പങ്ക് വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജവാർത്തകൾ വഴിതെറ്റിക്കാനുള്ള സാധ്യതകളുള്ള കാലത്ത് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന സാമ്പത്തിക ശക്തികളുടെ താൽപ്പര്യം തിരിച്ചറിയാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ പുതുതായി തുടങ്ങിയ 114 ലൈബ്രറികൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം . അറിവിന്റെ ഉൽപ്പാദനത്തിനും വിതരണത്തിനുമുള്ള കേന്ദ്രങ്ങളായി വായനശാലകളെ മാറ്റാനുള്ള ജനകീയ ഇടപെടലാണ് പുതിയ ലൈബ്രറികൾ ആരംഭിക്കുന്നതിലൂടെ നടക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ലൈബ്രറികൾ സ്ഥാപിച്ചത് അഭിനന്ദനാർഹമാണ്.
ടിപത്മനാഭൻ, എം മുകുന്ദൻ, എം വി ജയരാജൻ എന്നിവർ പുസ്തശേഖരം ലൈബ്രറികൾക്ക് കൈമാറാനെടുത്ത തീരുമാനവും ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സജീവമായ ഇടപെടൽ സമീപകാലത്ത് വായനശാലകൾക്ക് ഉണർവേകാൻ സഹായമായെന്ന് ചടങ്ങിൽ സംസാരിച്ച കഥാകൃത്ത് ടി പത്മനാഭൻ പറഞ്ഞു.















