മാനന്തവാടി
ഭൂരഹിതരും ഭവനരഹിതരുമായ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകാൻ സൗജന്യമായി സ്ഥലം ലഭ്യമാക്കിയ വയനാട് ജില്ലയിലെ സുമനസ്സുകളെ ആദരിച്ചു. സർക്കാരിന്റെ ‘മനസ്സോടിത്തിരി മണ്ണ്’ പദ്ധതിയിലേക്ക് ഭൂമി നൽകിയവരെയും സന്നദ്ധത അറിയിച്ചവരെയുമാണ് മാനന്തവാടിയിൽ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാരുമായി സംവദിക്കാനെത്തിയ തദ്ദേശ സ്വയംഭരണ,- എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ആദരിച്ചത്.
സി കെ ഉസ്മാൻ ഹാജി (പടിഞ്ഞാറത്തറ പഞ്ചായത്തിൽ 61 സെന്റ്), എടയത്ത് വളപ്പിൽ ആരിഫ് (തവിഞ്ഞാൽ പഞ്ചായത്തിൽ 16 സെന്റ്), ഉഷ രാമചന്ദ്രൻ, ഇലവുംതടത്തിൽ ബിന്ദു ഭാസ്കരൻ, ചന്ദ്രൻ, ശശി, സുകു, പുതിയോട്ടിൽ സന്തോഷ്, രാമചന്ദ്രൻ, സുജാത എന്നിവർ (എടവക പഞ്ചായത്തിൽ 40 സെന്റ്), മലപ്പുറം സ്വദേശി നാസർ മാനു (മാനന്തവാടി നഗരസഭയിൽ ഒരേക്കർ, തൊണ്ടർനാട് പഞ്ചായത്തിൽ 50 സെന്റ്) എന്നിവരാണ് സ്ഥലം നൽകിയത്. ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമിക്കുന്നതിനുവേണ്ടി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിൻ വഴി സുമനസ്സുള്ളവരിൽ നിന്ന് ഭൂമി സംഘടിപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷനായി.















