ന്യൂഡൽഹി
ഉത്തർപ്രദേശ് അവസാനഘട്ട വോട്ടെടുപ്പിനായി തിങ്കളാഴ്ച ബൂത്തിലേക്ക്. പൂർവാഞ്ചൽ മേഖലയിലെ 54 സീറ്റിലേക്കാണ് പോളിങ്. പൂർവാഞ്ചൽ പിടിച്ചാൽ യുപി ഭരിക്കാമെന്ന് വിലയിരുത്തപ്പെടുന്നതിനാൽ എസ്പിക്കും ബിജെപിക്കും ഏഴാം ഘട്ടം ജീവന്മരണ പോരാട്ടം. 118 സീറ്റുള്ള മേഖലയിൽ ബാക്കി മണ്ഡലങ്ങൾ മൂന്നിന് വിധിയെഴുതി.
പരസ്യപ്രചാരണം സമാപിച്ച ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് എസ്പി നേതാവ് അഖിലേഷ് യാദവ് കളം നിറഞ്ഞു. ഇന്ധനവിലവർധന, കോർപറേറ്റ് പ്രീണനം, വിലക്കയറ്റംതുടങ്ങിയ ജനകീയ വിഷയങ്ങൾ ഉയർത്തി അഖിലേഷ് വോട്ടുതേടിയപ്പോൾ കോൺഗ്രസിന്റെ കുടുംബാധിപത്യത്തിലും ദേശീയതയിലുമാണ് മോദി പിടിച്ചത്. ദേശീയതാൽപ്പര്യത്തിനായി വോട്ടുചെയ്യണമെന്ന് മോദി ആഹ്വാനം ചെയ്തു.
റീത്ത ബഹുഗുണ ജോഷിയുടെ
മകൻ എസ്പിയിൽ
ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ മകനും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ മായങ്ക് ജോഷി സമാജ്വാദി പാർടിയിൽ ചേർന്നു. അസംഗഢിൽ അഖിലേഷിന്റെ റാലിയിലാണ് മായങ്ക് അംഗത്വം സ്വീകരിച്ചത്. 2016 ലാണ് മുൻ പിസിസി അധ്യക്ഷയായിരുന്ന റീത്ത ബിജെപിയിൽ ചേർന്നത്. മുഖ്യമന്ത്രിയായിരിക്കെ മായവതിയുടെ ഏറ്റവും വിശ്വസ്ഥനായ ഉദ്യോഗസ്ഥൻ എന്നറിയപ്പെട്ട കുൻവാർ ഫത്തേ ബഹാദൂർ സിങ്ങും എസ്പിയിൽ ചേർന്നു.















