കൊച്ചി> കാർഷികമേഖല ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെ സമ്മേളനത്തിൽ ഉയർന്നുവന്ന നിർദേശങ്ങളും ഭേദഗതികളും ഉൾപ്പെടുത്തി നവകേരളസൃഷ്ടിക്കായി അവതരിപ്പിച്ച വികസനരേഖ സിപിഐ എം സംസ്ഥാന സമ്മേളനം അംഗീകരിച്ചു. എൽഡിഎഫിലും പൊതുജനങ്ങൾക്കിടയിലും ചർച്ച നടത്തി ആറുമാസത്തിനകം രേഖ സമ്പുഷ്ടമാക്കും.
വലതുപക്ഷ, വർഗീയ ശക്തികളുടെ വികസനവിരുദ്ധ നിലപാടിനെതിരെ വിപുലമായ പ്രചാരണം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാംസ്കാരികമേഖലയിലെ ഇടപെടലുകൾ ശക്തിപ്പെടുത്തും. സാംസ്കാരികമുന്നണിയിലെ കടമകൾ സംബന്ധിച്ച രേഖയും അംഗീകരിച്ചു. വികസനരേഖയെക്കുറിച്ചുള്ള ചർച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു. നവകേരളസൃഷ്ടിക്കായുള്ള പ്രചാരണം ശക്തമാക്കണം. പ്രവർത്തകർ നയരേഖ ഉൾക്കൊണ്ട് പ്രവർത്തിക്കണം. മെയ്–-ജൂൺ മാസങ്ങളിൽ ബ്രാഞ്ചുതലംവരെ രേഖ വിശദീകരിക്കും. എൽഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾകൂടി പരിഗണിച്ച് ആറുമാസത്തിനകം രേഖ അന്തിമമാകും.
സ്ത്രീപക്ഷകേരളമായി മാറുന്നതിനുള്ള നിർദേശങ്ങളും സമ്മേളനത്തിൽ ഉയർന്നുവന്നു. എല്ലാ മേഖലയിലും തുല്യത ഉറപ്പുവരുത്താൻ സർക്കാർ നേതൃത്വം നൽകണം. സ്ത്രീകളെ രണ്ടാംകിടക്കാരായി കാണുന്ന സമീപനത്തിൽ മാറ്റംവരുത്തണം. ഇതിന് ആശയപ്രചാരണം വേണമെന്നും കോടിയേരി പറഞ്ഞു.