കൊച്ചി > ഉക്രയ്നിലെ യുദ്ധഭൂമിയിൽ വളർത്തുനായയെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയ ഇടുക്കി സ്വദേശിനി ആര്യ ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും. വളർത്തുനായ സൈറയെയും കൊണ്ടാണ് ആര്യ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്നത്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
വളർത്തുനായയെ വിമാനത്തിൽ കൊണ്ടുവരാൻ ആകില്ലെന്ന് വിമാന കമ്പനി അധികൃതർ നിലപാട് എടുത്തെങ്കിലും വിഷയത്തിൽ ഇടപെട്ട് സൈറയെ കൂടി വിമാനത്തിൽ കൊണ്ടുവരാൻ സാഹചര്യം ഒരുക്കുകയായിരുന്നു. സൈറയുടെ വിമാന യാത്രാക്കൂലി നൽകാൻ തൊഴിൽവകുപ്പിന് കീഴിലുള്ള ഒഡേപെകിനോട് നിർദേശം നൽകിയിരുന്നു . ഡൽഹി വിമാനത്താവളത്തിൽ ആര്യക്കും സൈറക്കും വേണ്ട സൗകര്യം ഒരുക്കാനും ഇടപെടൽ നടത്തി. ആര്യയുമായും കുടുംബവുമായും നിരന്തരം ആശയ വിനമയം നടത്തുകയും ചെയ്തിരുന്നുവെന്ന് ശിവൻകുട്ടി പറഞ്ഞു.