കണ്ണൂര്‍ > ഒരു പണിയുമില്ലാത്ത നേതാക്കൾ കോൺഗ്രസിനുള്ളിൽ കുത്തിത്തിരിപ്പിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മാധ്യമങ്ങളോട് മറുപടി പറയുകയായിരുന്നു സതീശൻ.
തന്നെയും കെപിസിസി പ്രസിഡന്റ് കെ സുധാകരനെയും തമ്മില്‍ തെറ്റിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശ്രമം നടക്കുന്നുണ്ട്. ഇപ്പോള്‍ ഒരു പണിയും ഇല്ലാതായ ചിലരാണ് കുത്തിത്തിരിപ്പിന് പിന്നിലെന്നും പരിധി വിട്ടാല്‍ ഇത് കൈകാര്യം ചെയ്യുമെന്നും സതീശന് പറഞ്ഞു. ഞാന്‍ ഗ്രൂപ്പ് ഉണ്ടാക്കുന്നു എന്ന പ്രചാരണം ഇവര്‍ നടത്തുന്നു. ഈ നേതാക്കള്‍ക്ക് പാര്‍ട്ടിയോട് ഒരു കൂറും ഇല്ല. അവര്‍ നഷ്ടപ്പെട്ട അധികാര സ്ഥാനത്തെ മാത്രം ചിന്തിച്ച് ഇരിക്കുകയാണ്. നേതൃത്വം കൈമാറ്റപ്പെടുന്നതിനെ അതേ രീതിയില്‍ മനസിലാക്കുകയാണ് വേണ്ടത് – സതീശൻ പറഞ്ഞു.