കൊച്ചി> എറണാകുളത്ത് നടക്കുന്ന സിപിഐ എം സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ‘ഭാവി കേരളം, നവ കേരളം’ സംബന്ധിച്ച സിപിഐ എം കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പാര്ട്ടി പോളിറ്റ് ബ്യൂറോ മെമ്പറും മുഖ്യമന്ത്രിയുമായ പിണറായി വിജയന് അവതരിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇത്തവണത്ത സമ്മേളനം, പ്രവര്ത്തന റിപ്പോര്ട്ടും നവകേരള സൃഷ്ടിക്കായുള്ള കര്മ്മപദ്ധതി സംബന്ധിച്ച പാര്ട്ടിയുടെ നിലപാടും വ്യക്തമാക്കുന്ന രേഖയുമാണ് അംഗീകരിക്കാന് പോകുന്നത്. പാര്ട്ടിക്കകത്ത് യാതൊരുവിധ വിഭാഗീയതയോ ഗ്രൂപ്പിസമോ ഇല്ലാതായി. കേന്ദ്രീകൃതമായ നേതൃത്വത്തിന് കീഴില് സിപിഐ എം പ്രവര്ത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് തുടര്ച്ചയായി നടന്ന ഇടപെടലിന്റെ ഭാഗമായി വന്ന മാറ്റമാണ്. ആ ഐക്യം വിളംബരം ചെയ്യുന്ന സമ്മേളനമായിരിക്കും സംസ്ഥാന സമ്മേളനമെന്നും കോടിയേരി വ്യക്തമാക്കി.
ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷ പ്രസ്ഥാനത്തെ മാറ്റണം. അതിനായി സിപിഐ എമ്മിനെ ഇന്നത്തേനേക്കാള് ബഹുജന സ്വാധീനമുള്ള പാര്ട്ടിയായി വളര്ത്തണം. സര്ക്കാരിന്റെ പ്രവര്ത്തനം അതില് വളരെ പ്രധാനമാണ്. ഒന്നാം പിണറായി സര്ക്കാര് നടത്തിയ പ്രവര്ത്തനമാണ് ജനത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നത്. അതിന്റെ ആവര്ത്തനമല്ല രണ്ടാം പിണറായി സര്ക്കാര് ചെയ്യേണ്ടത്. പുതിയ പദ്ധതികള് ആവിഷ്കരിക്കണം, തടസങ്ങള് നീക്കണം, അതിനായി ഓരോ മേഖലയിലും ചെയ്യേണ്ട കാര്യങ്ങള് എന്താണ്; അടുത്ത 25 വര്ഷത്തെ വികസന പദ്ധതി സംബന്ധിച്ച് ഇപ്പോള് തന്നെ ഒരു രൂപരേഖ തയ്യാറാക്കണം. അതിന്റെ ഭാഗമായി സിപിഐ എം അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എല്ഡിഎഫില് ചര്ച്ച ചെയ്യും. അങ്ങനെ എല്ഡിഎഫിന്റെ ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. ഇതോടൊപ്പം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവര്ക്ക് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന് അവസരമുണ്ടാക്കും.
അതെല്ലാം തന്നെ പരിഗണിച്ചിട്ടായിരിക്കും എല്ഡിഎഫ് രേഖയ്ക്ക് അന്തിമ രൂപം കൊടുക്കുന്നത്. അതിന് സഹായകരമായ പാര്ട്ടിയുടെ കാഴ്ചപ്പാടാണ് സംസ്ഥാന സമ്മേളനം ആവിഷ്കരിച്ച് പ്രഖ്യാപിക്കുന്നതെന്നും കോടിയേരി വിശദീകരിച്ചു
പാര്ട്ടിയുടെ ഐഡിയോളജിയില് ഉറച്ച് നില്ക്കുന്ന വികസന പരിപാടികളാണ് നടപ്പാക്കുന്നത്. പാര്ട്ടിയുടെ നയരേഖയ്ക്കനുസൃതമായാണ് കേരളത്തിലെ എല്ലാ വികസനവും നടപ്പാക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് 1957ല് തന്നെ ഇഎംഎസ് സര്ക്കാര് ഒരു നയം അംഗീകരിച്ചിട്ടുണ്ട്. അതിന് സഹായകമായത് 1956ല് തെരഞ്ഞെടുപ്പിന് മുമ്പ് തൃശൂര് വച്ച് ചേര്ന്ന സംസ്ഥാന സമ്മേളനമാണ്. അന്ന് കേരളത്തിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഒരു രേഖ അംഗീകരിച്ചു. ആ വികസന കാഴ്ചപ്പാടില് സ്വകാര്യ നിക്ഷേപം ആകര്ഷിക്കുന്നത് സംബന്ധിച്ച് പരാമര്ശിച്ചിട്ടുണ്ട്.
കേരളത്തിന് തനത് വിഭവം ഇല്ലാത്ത സാഹചര്യത്തില് സ്വകാര്യ മൂലധനം ആവശ്യമായി വരും എന്നന്ന് കണ്ടിരുന്നു. അതിന്റെ ഭാഗമായാണ് മാവൂര് ഗ്വാളിയോര് റയോണ്സ് ആരംഭിച്ചത്. എന്നാല്, കൂടുതല് പേര് മുതല്മുടക്കാന് സന്നദ്ധമായില്ല. വിമോചന സമരം അതിനെതിരായി സംഘടിപ്പിച്ചു. അതിനാല്, വികസനം കൂടുതല് മുന്നോട്ട് കൊണ്ടുപോകാനായില്ല. എന്നാല് ഇന്ന് അന്തരീക്ഷം മാറി. നിക്ഷേപത്തിനായി ധാരാളം പേര് മുന്നോട്ടുവന്നു. അത്തരത്തിലുള്ള നിക്ഷേപം കേരളത്തിന്റെ താല്പര്യത്തിന് ഹാനീകരമല്ലാത്ത , പരിസ്ഥിതിക്ക് ദോഷം വരാത്ത പദ്ധതികള്ക്ക് അംഗീകാരം കൊടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വിവിധ വശങ്ങളാണ് രേഖയില് പ്രതിപാദിക്കുന്നതെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി