ആലപ്പുഴ> ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ നാടകത്തിലെ പരമുപിള്ളയും കറുമ്പനും കല്യാണിയമ്മയുമെല്ലാം കഥാപാത്രങ്ങളാകുന്ന ‘ഏനും എന്റെ തമ്പ്രാനും’ വീണ്ടും അരങ്ങത്തേക്ക്. തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ സോമൻ രചിച്ച നാടകം 14 വർഷം മുമ്പ് തിരുവനന്തപുരം എ കെ ജി സെന്ററിലെ ഓഡിറ്റോറിയത്തിലാണ് അരങ്ങേറിയത്. തോപ്പിൽ ഭാസി തിയറ്റേഴ്‌സിന്റെ നാടകം ഉദ്‌ഘാടനം ചെയ്‌തത് അന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. കാനം രാജേന്ദ്രന്റെയും നടൻ മധുവിന്റെയും സാന്നിധ്യവുമുണ്ടായി.
ഇപ്പോൾ കായംകുളം ‘പുറപ്പാട്’ നാടകവേദിയാണ് ബിനു കെപിഎസിയുടെയും തോപ്പിൽ കൃഷ്‌ണപിള്ളയുടെ മകൻ പ്രദീപ് തോപ്പിലിന്റെയും സംവിധാനത്തിൽ നാടകം വീണ്ടും അവതരിപ്പിക്കുന്നത്. കാർഷികമേഖലയെ അവഗണിച്ച് മറ്റുമേഖലകളിലേക്കു മാറുന്ന പുതുതലമുറ വീണ്ടും അവിടേക്കുതന്നെ തിരിച്ചുവരുന്നതാണ് പ്രമേയം. ‘നിങ്ങളെന്നെ കമ്യൂണിസ്‌റ്റാക്കി’ നാടകത്തിലേതിനു സമാനമായ ഓണാട്ടുകര ശൈലിയിലാണ് സംഭാഷണം. പഴയ തലമുറ ഞാറുനടുന്ന രംഗവുമായി തുടങ്ങുന്ന നാടകം കാർഷിക മേഖലയെത്തന്നെ അഭയം പ്രാപിക്കേണ്ടിവന്ന പുതുതലമുറയുടെ കൊയ്‌ത്തുപാട്ടോടെയാണ് അവസാനിക്കുന്നതെന്ന് നാടകകൃത്ത് തോപ്പിൽ സോമൻ പറഞ്ഞു.
തോപ്പിൽ പ്രദീപ്, ബിനു കെപിഎസി, പത്മ സന്തോഷ് കെപിഎസി, കൃഷ്‌ണകുമാർ, സുനിൽ കായംകുളം, മധു കുന്നത്ത്, ജയൻ പെരുമ്പലത്ത്, ഷൗക്കത്ത്, താമരക്കുളം മണി കെപിഎസി, ഷീല കെപിഎസി, ശോഭ, ഗീത കെപിഎസി എന്നിവരാണ് അഭിനേതാക്കൾ.
ഒഎൻവി കുറുപ്പ് രചിച്ച് എം കെ അർജുനൻ ഈണം പകർന്ന ഗാനങ്ങൾ കല്ലറ ഗോപനും അപർണ രാജീവും ആലപിച്ചിരിക്കുന്നു. രംഗപടം ആർട്ടിസ്‌റ്റ് സുജാതനും കോറിയോഗ്രഫി ഗീത കെപിഎസിയും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..