തിരുവനന്തപുരം > ഉക്രയ്ൻ അതിർത്തികളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റിന്റെ സംഘങ്ങളെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി വിദേശകാര്യമന്ത്രിക്ക് കത്തെഴുതി. ഉക്രയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സ്വന്തം ചെലവിൽ അതിർത്തികളിലേക്ക് പോകണമെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ഇന്ത്യൻ എംബസ്സിയുടെ ഓപ്പറേഷൻ ഗംഗയിലേക്ക് എത്താൻ നമ്മുടെ കുട്ടികൾ നേരിടുന്നത് വലിയ വെല്ലുവിളികളാണെന്നും അദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ചു വിദേശകാര്യവകുപ്പുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എവിടെയാണ് സുരക്ഷിത സ്ഥാനം, എങ്ങോട്ടേയ്ക്കാണ് പോകേണ്ടത് എന്നറിയാതെ ആശങ്കയുടെ നടുവിലായ ഒരുപാട്പേർ …കരുതി വെച്ചിരിക്കുന്ന ഭക്ഷണവും വെള്ളവും തീർന്നുപോയേക്കാം എന്ന ഭയവും രക്ഷപെട്ട് എങ്ങനെയും നാട്ടിലെത്താനുള്ള ശ്രമവും. യുക്രൈനിൽ നിന്നും മലയാളികൾ അടക്കം ഒരുപാട് വിദ്യാർത്ഥികളുടെ അഭ്യർത്ഥനകൾ ദിവസങ്ങളായി നമ്മൾ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും അറിയുകയാണ്.
വിദ്യാർത്ഥികളോട് അതിർത്തിയിലേക്ക് നീങ്ങാനാണ് ഇന്ത്യൻ എംബസി നിർദേശിച്ചത്. സ്വന്തം ചെലവിൽ അതിർത്തികളിലേക്ക് പോകണമെന്ന ഇന്ത്യൻ എംബസിയുടെ നിർദേശം അപകടകരവും മനുഷ്യത്വ രഹിതവുമാണ് എന്ന് പറയേണ്ടി വരുന്നു. ‘സ്വന്തം ഉത്തരവാദിത്തത്തിൽ പടിഞ്ഞാറൻ യുക്രൈൻ വഴി രക്ഷപ്പെട്ടോളൂ’… യുക്രെയ്നിൽകുടുങ്ങിയവർക്കായി ഇന്ത്യൻ എംബസിയുടെ നിർദേശമിതായിരുന്നു. മറ്റൊരു വഴിയുമില്ലാതെ ഇറങ്ങിയവർ നേരിട്ടതോ യുക്രൈൻ സൈന്യത്തിന്റെ ആക്രമണവും. സൈന്യം മലയാളി വിദ്യാർത്ഥികളുടെയടക്കം മുഖത്തടിക്കുകയും തള്ളി താഴെ ഇടുകയും ചെയ്തു. 6 മുതൽ 8 മണിക്കൂർ പലരെയും തടഞ്ഞുനിർത്തി, അവർക്കുനേരെ കാർ ഓടിച്ചുകയറ്റാൻ ശ്രമിച്ചു. രക്ഷപെടാനുള്ള കൊതികൊണ്ട് ഇതെല്ലം സഹിച്ച് അതിർത്തിയിലേക്കെത്തിപ്പെടുന്ന വിദ്യാർഥികൾ ആകട്ടെ കൊടും തണുപ്പില് കുടുങ്ങികിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള് അടക്കം റിപ്പോര്ട്ട് ചെയ്തിരുന്നു. ഇനിയും അതിർത്തിയിലേക്കെത്തിപ്പെടാൻപോലും പറ്റാത്തവർവേറെയും.
ജീവൻപണയം വെച്ച് കിലോമീറ്ററുകളോളം നടന്നെത്തിയ വിദ്യാര്ത്ഥികള് ഷെൽട്ടറുകളിൽ കഴിയുന്നത് അതിലും വലിയ ആശങ്കയിലാണ്..വിസ പ്രോസസിംഗ് എന്ന പേരിൽ മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വരുന്നു… മറ്റ് രാജ്യക്കാരുടെ ഉന്തിലും തള്ളിലും പെട്ട്പോകുന്നു,പരിക്കേൽക്കുന്നു, മർദ്ദനങ്ങൾ ഏൽക്കേണ്ടി വരുന്നു.. ഇതൊക്കെ കടന്നാലേ ഇന്ത്യൻ എംബസ്സിയുടെ ഓപ്പറേഷൻ ഗംഗയിലേക്ക് എത്താനാകു. എല്ലാവരെയും സുരക്ഷിതരായി അതിർത്തിയിലെത്തിക്കേണ്ട ഉത്തരവാദിത്വം അടക്കം ഇന്ത്യൻ എംബസ്സി ഏറ്റെടുക്കേണ്ടതാണ്. യുക്രൈൻ അതിർത്തികളിൽ ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ സംഘങ്ങളെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണം. രാജ്യസഭാ എം.പി എന്ന നിലയിൽ വിദേശകാര്യവകുപ്പുമായി നിരന്തരം സംസാരിക്കുന്നുണ്ട്. വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീ എസ് ജയ് ശങ്കറിന് ഈ വിഷയവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ അയച്ചു കഴിഞ്ഞു – ബ്രിട്ടാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.