തിരുവനന്തപുരം
കോൺഗ്രസിലെ ഗ്രൂപ്പ് പോര് സർവീസ് സംഘടനകളിലേക്കും പടർന്നു. എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അടിച്ചുപിരിഞ്ഞു. സംസ്ഥാന പ്രസിഡന്റിനെ അനുകൂലിക്കുന്ന രഞ്ജിത്ത് ഗോപിനാഥിന് എതിർവിഭാഗത്തിന്റെ മർദനത്തിൽ പരിക്കേറ്റു. തുടർന്ന് യോഗം പിരിച്ചുവിട്ടു. സംസ്ഥാന പ്രസിഡന്റിനെ കരുവാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സംഘടന പിടിക്കാൻ നടത്തുന്ന ശ്രമമാണ് അടിപിടിയിൽ കലാശിച്ചത്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയറ്റിലെ ഒഴിവിലേക്ക് അംഗങ്ങളെ നിർദേശിച്ചെങ്കിലും പ്രസിഡന്റ് അത് അംഗീകരിക്കാതിരുന്നതോടെ തർക്കമായി. തുടർന്ന്, മുദ്രാവാക്യം വിളിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുകയായിരുന്നു.
നേരത്തേ ഒമ്പത് ജില്ലയിൽ ഉമ്മൻചാണ്ടി അനുകൂലികളും അഞ്ചിടത്ത് ചെന്നിത്തല അനുകൂലികളുമായിരുന്നു ഭാരവാഹികൾ. സുധാകരൻ കെപിസിസി പ്രസിഡന്റായതോടെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറി. കൊല്ലം ജില്ലക്കാരനായ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ എ ഗ്രൂപ്പുവിട്ട് സുധാകരപക്ഷത്ത് ചേക്കേറി. കണ്ണൂർ ജില്ലയും ഈ പക്ഷത്താണ്. നിഷ്പക്ഷത പാലിക്കുന്ന പത്തനംതിട്ടയൊഴികെയുള്ള മറ്റ് ജില്ലകൾ ഗ്രൂപ്പ്പോര് മറന്ന് സുധാകരവിരുദ്ധ പക്ഷത്തായി.
നേരത്തേ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കെപിസിസി ചുമതലപ്പെടുത്തിയിരുന്നു. അവിഹിതമായി ഇടപെടുന്നുവെന്നാരോപിച്ച് സതീശൻവച്ച ഫോർമുല പ്രസിഡന്റ് തള്ളി. കെപിസിസിക്കുവേണ്ടി പണം പിരിക്കാൻ അസോസിയേഷനെ ചുമലപ്പെടുത്തിയതിലും സംഘടനയിൽ പ്രതിഷേധമുണ്ട്. സംസ്ഥാന, ജില്ലാ ഭാരവാഹികളെ പല തട്ടിലാക്കി ക്വോട്ട നൽകിയാണ് സുധാകരന്റെ പണപ്പിരിവ്.