കീവ്> ഉക്രയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം മുംബൈയിലേക്ക് പുറപ്പെട്ടു. അര്ദ്ധരാത്രിയോടെ വിമാനം മുംബൈയിൽ എത്തും. ആദ്യ വിമാനത്തിൽ 19 മലയാളികളാണുള്ളത്. അടുത്ത വിമാനത്തിൽ 17 മലയാളികൾ ഡൽഹിയിലെത്തും.
ഇന്ത്യയിലെത്തുന്നവർക്ക് പുറത്തിറങ്ങാൻ മുംബൈയില് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വാക്സീൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കു സൗജന്യ ആർടിപിസിആർ പരിശോധന നടത്തും. വിവരങ്ങൾ തൽസമയം അറിയിക്കാൻ വാട്സാപ് ഗ്രൂപ്പ് തയാറാക്കിയിട്ടുമുണ്ട്.
അതേസമയം ഉക്രയ്നിൽ നിന്നും ഇന്ത്യയിൽ എത്തുന്ന മലയാളി വിദ്യാർത്ഥികളെ സൗജന്യമായി കേരളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കളക്ടര്മാരെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.















