ലണ്ടന്> ഉക്രയ്ന് ആക്രമണത്തിന് പിന്നാലെ റഷ്യക്കുമേല് കൂടുതല് ഉപരോധത്തിന് ലോകരാജ്യങ്ങള്. റഷ്യന് പ്രസിഡന്റ് വ്ളാഡിമര് പുടിനെതിരെ ക്യാനഡ ഉപരോധം ഏര്പ്പെടുത്തി. റഷ്യന് സുരക്ഷാ ഉദ്യോഗസ്ഥരും വാഗനര് ഗ്രൂപ്പും അടക്കം 58 വ്യക്തികള്ക്കും സംഘടനകള്ക്കുമെതിരെയാണ് ക്യാനഡ ഉപരോധം ഏര്പ്പെടുത്തിയത്. ബഹിരാകാശം, ഐടി, ഖനനം മേഖലകളിലേക്കുള്ള 4146 കോടിരൂപയുടെ ചരക്കുകളുടെ കയറ്റുമതിയും റദ്ദാക്കി.
ജപ്പാനും റഷ്യക്കുമേല് പുതിയ ഉപരോധം പ്രഖ്യാപിച്ചു. റഷ്യന് ഗ്രൂപ്പുകളുടെയും ബാങ്കുകളുടെയും ആസ്തി മരവിപ്പിക്കും. അര്ധചാലകങ്ങളുടെയും റഷ്യയുടെ സൈനിക സംബന്ധിയായ സംഘടനകള്ക്കുള്ള സാധനങ്ങളുടെയും കയറ്റുമതിയും നിര്ത്തിയതായി ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു.
ബ്രിട്ടനും പുതിയ സാമ്പത്തിക ഉപരോധം ഏര്പ്പെടുത്തിയിട്ടുണ്ട്. കയറ്റുമതിയും നിയന്ത്രിക്കും. റഷ്യയുടെ എയ്റോഫ്ളോട്ട് എയര്ലൈന്സിന്റെ വിമാനങ്ങള് ബ്രിട്ടീഷ് വിമാനത്താവളങ്ങളില് ഇറക്കുന്നതും വിലക്കി. റഷ്യന് വിമാനങ്ങള്ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപ്പബ്ലിക്കും അടച്ചു.















