തൃശൂർ
കേരളത്തിലെ രംഗവേദിക്ക് പുത്തനുണർവ് നൽകാൻ കേരള അമച്വർ നാടകോത്സവത്തിന് മാർച്ച് ആദ്യവാരം തിരിതെളിയും. കേരളത്തിലെ 10 കേന്ദ്രങ്ങളിൽ തെരഞ്ഞെടുത്ത 25 അമച്വർ നാടകങ്ങളുടെ 50 അവതരണങ്ങളാണ് നടക്കുക. ഇത്രയും ബൃഹത്തായ നാടക പദ്ധതി സംഗീത നാടക അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായാണ് രൂപകല്പന ചെയ്തതെന്ന് അക്കാദമി സെക്രട്ടറി കെ ജനാർദനൻ പറഞ്ഞു.
തെരഞ്ഞെടുത്ത നാടക സംഘങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ആകെ 50 ലക്ഷം രൂപ ധനസഹായം നൽകും. കോവിഡ് പ്രതിസന്ധിയിൽ നാടക കലാകാരൻമാരെ സഹായിക്കുന്നതിനാണീ പദ്ധതി. ആദ്യഘട്ട നാടകോത്സവത്തിന് മാർച്ച് നാലിന് കാസർകോട് നടക്കാവിൽ തിരിതെളിയും. കാസർകോട് നടക്കാവ് നെരൂദ തിയറ്റേഴ്സുമായി സഹകരിച്ച് എട്ട് വരെയാണ് നാടകോത്സവം.
വേലൂർ ഗവ. ആർഎസ്ആർവിഎച്ച്എസ്എസും കൊടുങ്ങല്ലൂർ മുസിരിസ് കൺവൻഷൻ സെന്ററും എടക്കളത്തൂർ ശ്രീരാമചന്ദ്ര യുപി സ്കൂളുമാണ് തൃശൂരിലെ വേദി. ഇഫ്ക്രിയേഷൻസ് വേലൂരുമായി സഹകരിച്ച് വേലൂരിൽ മാർച്ച് ഒമ്പത് മുതൽ 14 വരെയും മുസിരിസ് പൈതൃകം പദ്ധതിയുമായി സഹകരിച്ച് കൊടുങ്ങല്ലൂരിൽ മാർച്ച് 10 മുതൽ 15 വരെയുമാണ് നാടകോത്സവം. എടക്കളത്തൂരിൽ മാർച്ച് 27 മുതൽ 31 വരെയാണ് നാടകോത്സവം. ദേശാഭിമാനി കലാകായിക സാംസ്കാരിക വേദി ആൻഡ് പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി.
കണ്ണൂരിൽ മാർച്ച് 16 മുതൽ 20 വരെ നാടകോത്സവം സംഘടിപ്പിക്കും. ജനസംസ്കൃതി മയ്യിലുമായി സഹകരിച്ച് മയ്യിലിലാണ് പരിപാടി. കൊല്ലത്ത് പ്രകാശ് കലാകേന്ദ്രത്തിന്റെ സഹകരണത്തോടെ ഏപ്രിൽ മൂന്ന് മുതൽ ഏഴ് വരെയും തിരുവനന്തപുരത്ത് ഏപ്രിൽ എട്ടു മുതൽ 12 വരെയുമാണ് നാടകോത്സവം.
എറണാകുളത്ത് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ മാർച്ച് 22 മുതൽ 25 വരെയും ഞാറയ്ക്കൽ സഫ്ദർ ഹാഷ്മി സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ മെയ് ഒന്ന് മുതൽ അഞ്ച് വരെയുമാണ് നാടകോത്സവം. മെയ് ഒമ്പത് മുതൽ 13 വരെ എഫാസിന്റെ സഹകരണത്തോടെ കോഴിക്കോട് കേളു ഏട്ടൻ പി പി ശങ്കരൻ സ്മാരക ഹാളിലും നാടകോത്സവം സംഘടിപ്പിക്കും.















