ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് മുഖ്യമന്ത്രിയും സര്‍ക്കാരും ദയനീയമായി പരാജയപ്പെട്ടെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും വണ്ടി കയറി കണ്ണൂര്‍ പോകേണ്ട ആള് കൊല്ലത്തിറങ്ങി ചെങ്കോട്ടയിലേക്ക് പോയതു പോലെയാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇവിടെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്കൊന്നുമല്ല മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുകയാണ്. തിരുവനന്തപുരത്ത് ബൈക്കില്‍ വെട്ടിയെടുത്ത കാലുമായി ഗുണ്ടകള്‍ പ്രകടനം നടത്തി. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ഒറ്റപ്പെട്ട സംഭവമെന്നാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്ക് പിണറായി ഭരണകാലത്തെ ഏറ്റവും വലിയ തമാശയായി മാറി.
Also Read :
പോലീസ് എന്നത് ഒരു ഫോഴ്സാണ് അതിന് ഒരു ലൈന്‍ ഓഫ് കണ്ട്രോളുണ്ട്. എന്നാലിന്ന് എസ്പിമാരെ നിയന്ത്രിക്കുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരും എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത് ഏരിയാ സെക്രട്ടറിയുമാണ്. എല്ലാ കാര്യത്തിലും ഇടപെടല്‍ നടത്തുകയാണ്. കാപ്പ നിയമപ്രകാരം ഗുണ്ടകളെ അറസ്റ്റു ചെയ്യുന്നതിന് പൊലീസ് നല്കുന്ന അപേക്ഷകളില്‍ കളക്ടര്‍മാര്‍ തീരുമാനമെടുക്കുന്നില്ല. അവിടെയെല്ലാം രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുകയാണ്. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് ഭരണത്തില്‍ പാര്‍ട്ടി ഇടപെടുന്നത്. പാര്‍ട്ടിയുടെ അനാവശ്യമായ ഇടപെടലുകള്‍ പോലീസിന് പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്.
ഓപ്പറേഷന് കാവലിന്റെ ഭാഗമായി 14000 ഗുണ്ടകളെ ഗുണദോഷിച്ച് വിട്ടു. അവരെ ഗുണദോഷിച്ചതോടെ എല്ലാ ഗുണ്ടകളും പിന്നാക്കം പോയെന്നാണ് പറയുന്നത്. ഏതുകാലത്തും കേള്‍ക്കാത്ത രീതിയിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. എറണാകുളത്തെയും തിരുവനന്തപുരത്തെയും മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തിയ ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ പോലും ഇതുവരെ തയാറായിട്ടില്ല. കോട്ടയത്ത് 19 വയസുകാരനെ മൂന്നു മണിക്കൂര്‍ തല്ലി, കൈ കൊണ്ട് കണ്ണ് കുത്തിപ്പൊട്ടിച്ച് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. സ്റ്റേഷന് മുന്നില്‍ ഗുണ്ടകള്‍ വിളയാടിയപ്പോള്‍ പോലീസുകാര്‍ കതകടച്ച് അകത്തിരുന്നു. ഗുണ്ട പോയോ എന്ന് ജനലില്‍ കൂടി ഒളിഞ്ഞു നോക്കി. ഇതാണ് കേരളത്തിലെ പോലീസ്. അമ്മയും പെങ്ങളും വന്ന് 19 കാരനെ കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടും പോലീസ് അന്വേഷിച്ചോയെന്നും വിഡി സതീശൻ ചോദിച്ചു.
Also Read :
ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് തുടക്കിമിട്ടത് സിപിഎമ്മല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തീവ്രവാദ സംഘടനകളേക്കാള്‍ ക്രൂരമായി പ്രവര്‍ത്തിക്കുന്ന നിങ്ങളാണ് ക്രമസമാധാനം സംരക്ഷിക്കാന്‍ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്നത്. തലശേരിയില്‍ ഹരിദാസിനെ വെട്ടിവീഴ്ത്തുമ്പോള്‍ കുമ്പളയില്‍ ബി.ജെ.പിക്കാരനെ കൊന്ന കേസിലെ പ്രതിയെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കാന്‍ ബിജെപിയുടെ വോട്ടു വാങ്ങിയവരാണ് സിപിഎം. കെ. സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം യുഡിഎഫ് ഭരിക്കുന്ന കുമ്പളയില്‍ സിപിഎം വിജയിച്ചു. എന്നിട്ടാണ് മുഖ്യമന്ത്രി വര്‍ഗീയതയെ കുറിച്ച് പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്. ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐയുമായും കോട്ടയത്ത് ബിജെപിയുമായും ചേര്‍ന്ന് യുഡിഎഫ് ഭരണം താഴെയിട്ടവരാണ് വര്‍ഗീയതയ്ക്കെതിരായ പോരാട്ടം പഠിപ്പിക്കുന്നതെന്നും സതീശൻ വിമർശിച്ചു.
ജയിലറകള്‍ സുഖവാസ കേന്ദ്രങ്ങളാക്കി. അറിയപ്പെടുന്ന കൊലയാളികള്‍ മുഴുവന്‍ പുറത്താണ്. അവര്‍ മയക്ക്മരുന്ന് കച്ചവടവും സ്വര്‍ണക്കടത്തും നടത്തുന്നു. നിങ്ങളുടെ പോലീസും ഇന്റലിജന്‍സുമൊക്കെ എവിടെയാണെന്നും സതീശൻ ചോദിച്ചു. പരോളില്‍ പോകുന്നവരെ പോലും സംരക്ഷിക്കുന്ന പ്രസ്ഥാനമായി സിപിഎം മാറിയിരിക്കുകയാണ്. ആത്മാഭിമാനത്തോടെ നാട്ടില്‍ ജീവിക്കാന്‍ കഴിയണം. ജനം ഭയപ്പാടോടെയാണ് ജിവിക്കുന്നത്. കേരളത്തില്‍ അരക്ഷിതാവസ്ഥയാണ്.
ഇടുക്കിയിലെ കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ നിങ്ങള്‍ കൊലപാതകം നടത്തുന്നതു പോലെ ആസൂത്രണവും ഗൂഡാലോചനയും നടന്നിട്ടുണ്ടോയെന്ന് പോലീസുകാരോട് ചോദിക്കണം. ആറു പേരെ നൂറിലധികം പേര് ഓടിച്ചിട്ട് ക്രൂരമായി തല്ലിയപ്പോഴാണ് കൊലപാതകമുണ്ടായത്. പ്രതിപക്ഷം കൊലയാളികളെ സംരക്ഷിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.