കൊച്ചി> തൃക്കാക്കരയിൽ രണ്ടര വയസുകാരിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ഒളിവിൽ കഴിയുന്ന ആന്റണി ടിജിന്റെ വെളിപ്പെടുത്തൽ പുറത്ത്. താൻ ഒരു കുട്ടിയെയും മർദിച്ചിട്ടില്ലെന്നാണ് ആന്റണി ടിജിൻ വീഡിയോ സന്ദേശത്തിൽ പറയുന്നത്.
തന്നെ കുറ്റക്കാരനായി കാണരുത്. ഇല്ലാത്ത കാര്യങ്ങളിൽ തന്നെ ക്രൂശിക്കരുത്. താൻ ദുർമന്ത്രവാദം ചെയ്ത് ഇവരെയെല്ലാവരെയും വശത്താക്കിയെന്നാണ് പറയുന്നത്. പക്ഷേ, ഞാൻ എന്ത് മന്ത്രവാദം ചെയ്തെന്നാണ്. ഞാൻ ദിവസവും പള്ളിയിൽ പോയി കുർബാന കൂടുന്ന വ്യക്തിയാണ്. ഞാൻ ഒരു മന്ത്രവാദിയും അല്ല. ഞാൻ സത്യക്രിസ്ത്യാനിയാണെന്നും ഇയാൾ പറയുന്നു.
കുട്ടിയുടെ അച്ഛൻ ആശുപത്രിയിൽ നാടകമാടുകയാണെന്നും ആന്റണി ടിജൻ ആരോപിക്കുന്നു. എന്തു കൊണ്ടാണ് കുട്ടിയുടെ അച്ഛൻ ആശുപത്രിൽ ബില്ലുകൾ അടയ്ക്കുന്നില്ലെന്നും തന്നെ കുറിച്ച് കള്ളക്കഥ പറഞ്ഞ് എന്നെ കുടുക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും ആന്റണി പറയുന്നു.
അതേസമയം മർദനത്തിനിരയായ രണ്ടര വയസുകാരിയെ വെന്റലേറ്ററിൽ നിന്ന് മാറ്റി. സ്വയം ശ്വസിക്കാൻ കുട്ടിക്ക് കഴിയുന്നുണ്ടെന്ന് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. അതേസമയം വെന്റിലേറ്റർ ആവശ്യമായി വന്നാൽ ഉപയോഗിക്കുമെന്നും ഡോക്ടർമാർ അറിയിച്ചു.