കൊച്ചി
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കിക്കൂടേ എന്ന് ഹൈക്കോടതി. അന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, അന്തിമ റിപ്പോർട്ട് മാർച്ച് ഒന്നിനകം സമർപ്പിക്കാനാകുമോ എന്നും പ്രോസിക്യൂഷനോട് ആരാഞ്ഞു. അന്വേഷണം രണ്ടുമാസം കഴിഞ്ഞു. നാലുവർഷം ബാലചന്ദ്രകുമാർ എവിടെയായിരുന്നു. ഒരു സാക്ഷിയുടെ വെളിപ്പെടുത്തലിൽ എന്താണിത്ര അന്വേഷിക്കാനുള്ളതെന്നും ഈ കേസിനുമാത്രം എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു.
തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. നിർണായകവിവരങ്ങൾ ലഭിച്ചെന്നും വധഗൂഢാലോചന കേസിൽ അന്വേഷണം അന്തിമഘട്ടത്തിലാണെന്നും തുടരന്വേഷണത്തിൽ കോടതിക്ക് സമയപരിധി നിശ്ചയിക്കാവുന്നതാണെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചു.
തുടരന്വേഷണം അനിവാര്യമാണെന്ന് നടി ബോധിപ്പിച്ചു. വെളിപ്പെടുത്തലുണ്ടായ സമയത്ത് ബംഗളൂരുവിലായിരുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. വിശദ മൊഴി നൽകി. ഹീനമായ കൃത്യമാണ് തനിക്കുനേരെ ഉണ്ടായത്. പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു. നടിയുടെ വാദം വ്യാഴാഴ്ച തുടരും. ഹർജിഭാഗത്തിന് മറുപടി പറയാൻ കോടതി സമയം അനുവദിച്ചു.