ബാംബൊലിം
കേരള ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാൻ വുകോമനോവിച്ചിനും ഇനി സമ്മർദത്തിന്റെ നാളുകൾ. ഐഎസ്എൽ ഫുട്ബോളിൽ നാലു കളിമാത്രം ശേഷിക്കെ ഇന്ന് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹെെദരാബാദിനെയാണ് നേരിടുന്നത്.
അവസാന കളിയിൽ എടികെ മോഹൻ ബഗാനോട് വഴങ്ങിയ അപ്രതീക്ഷിത സമനില ബ്ലാസ്റ്റേഴ്സിനെ ഉലച്ചിട്ടുണ്ട്. പതിനാറു കളിയിൽ 27 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 17 കളിയിൽ 32 പോയിന്റാണ് ഹെെദരാബാദിന്. 16 കളിയിൽ 31 പോയിന്റുള്ള ജംഷഡ്പുർ രണ്ടാമതും 30 പോയിന്റുള്ള എടികെ ബഗാൻ മൂന്നാമതുമുണ്ട്. 17 കളിയിൽ 28 പോയിന്റുമായി മുംബെെ സിറ്റി നാലാംസ്ഥാനത്തേക്ക് കയറി.
പതിനെട്ടു കളിയിൽ 26 പോയിന്റുള്ള ബംഗളൂരു എഫ്സി തൊട്ടുപിന്നിലുണ്ട്. 22 പോയിന്റുമായി ഏഴാമതുള്ള ഒഡിഷയുടെ പ്രതീക്ഷ മങ്ങി. ചെന്നെെയിൻ, ഗോവ, നോർത്ത് ഈസ്റ്റ് യുണെെറ്റഡ്, ഈസ്റ്റ് ബംഗാൾ ടീമുകളുടെ സാധ്യത അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് ചെന്നെെയിൻ, മുംബെെ സിറ്റി, ഗോവ ടീമുകളുമായാണ് മത്സരം ശേഷിക്കുന്നത്. ഇന്ന് ഹെെദരാബാദിനെ കീഴടക്കിയാൽ ആത്മവിശ്വാസം വർധിപ്പിക്കാം. മറിച്ചായാൽ സമ്മർദമുണ്ടാകും. എടികെ ബഗാനെതിരെ വിജയമുറപ്പിച്ചശേഷമാണ് സമനില വഴങ്ങിയത്. 2–1ന് മുന്നിട്ടുനിന്നശേഷം സമനിലഗോൾ വഴങ്ങുകയായിരുന്നു.
അഡ്രിയാൻ ലൂണ, പുയ്ട്ടിയ എന്നിവരായിരുന്നു കഴിഞ്ഞ മത്സരങ്ങളിൽ മിന്നിയത്. പരിക്കുമാറിയ കെ പി രാഹുൽ കളിക്കാൻ സാധ്യതയുണ്ട്. മുന്നേറ്റത്തിൽ അൽവാരോ വാസ്കസിന് അവസാന മത്സരങ്ങളിൽ മികവ് കാട്ടാനായില്ല. ജോർജ് ഡയസും മങ്ങി.
ഹെെദരാബാദിനെതിരെ മികച്ച കളി പുറത്തെടുക്കുമെന്ന് വുകോമനോവിച്ച് വ്യക്തമാക്കി. ആദ്യ നാലിലെത്തുകയാണ് ലക്ഷ്യമെന്നും പരിശീലകൻ പറഞ്ഞു.
മറുവശത്ത് ഗോളടിച്ച് മുന്നേറുകയാണ് ഹെെദരാബാദ്. മുൻ ബ്ലാസ്റ്റേഴ്സ് താരം ബർതലോമിയോ ഒഗ്ബെച്ചെയുടെ മികവിൽ എഫ്സി ഗോവയെ വീഴ്ത്തിയാണ് അവർ സെമിയിലേക്ക് അടുത്തത്.