തിരുവനന്തപുരം > നഗരസഭ രാജീവ് ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വിഴിഞ്ഞം മതിപ്പുറം പട്ടാണി കോളനിയിൽ പൂർത്തീകരിച്ച ഭവനസമുച്ചയത്തിൻറെ ഉദ്ഘാടനവും താക്കോൽ കൈമാറലും മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടമായി പൂർത്തീകരിച്ച 320 കുടുംബങ്ങൾക്കുള്ള ഭവനസമുച്ചയമാണ് ഉദ്ഘാടനം ചെയ്തത്.
ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നതിൻറെ ഭാഗമായാണ് ഈ ഭവനപദ്ധതിയുടെയും നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. ഇവിടെ 4 ഘട്ടങ്ങളിലായി ആകെ 1032 കുടുംബങ്ങൾക്കാണ് വീടുകളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങുന്നത്. ഒന്നാംഘട്ടത്തിൽ 222 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് താക്കോൽ കൈമാറിയിട്ടുള്ളതാണ്. രണ്ടാംഘട്ടത്തിൽ പൂർത്തീകരിച്ച ഭവനങ്ങളുടെ കൈമാറ്റമാണ് ഈ അവസരത്തിൽ നടന്നത്. അടുത്തഘട്ടം നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് മേയർ അറിയിച്ചു.
മത്സ്യത്തൊഴിലാളികളടക്കമുള്ള ഭവനരഹിതരുടെ പുനരധിവാസമാണ് ഈ പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. ഭവനസമുച്ചയത്തോടൊപ്പം അനുബന്ധ സൗകര്യങ്ങളും പൂർണ്ണമായും സജ്ജമാക്കിയിട്ടുണ്ട്. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആൻറണി രാജു, സജി ചെറിയാൻ, അഡ്വ. ജി ആർ അനിൽ, ഡോ. ശശി തരൂർ എം.പി, അഡ്വ. എം വിൻസെൻറ് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. മേയർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാൻറിങ് കമ്മിറ്റി അധ്യക്ഷന്മാർ, കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങ് പ്രദേശവാസികളുടെ മികച്ച പങ്കാളിത്തത്തോടെയാണ് നടന്നത്.















