ന്യൂഡൽഹി > മണിപ്പുരിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ സിപിഐ എം സ്വീകരിച്ച തത്വാധിഷ്ഠിത നിലപാട് മറയാക്കി ‘മലയാള മനോരമ’യുടെ വ്യാജവാർത്ത. മത്സരിക്കാൻ ആളില്ലാത്തതിനാൽ മണിപ്പുരിൽ സിപിഐ എം മത്സരിക്കുന്നില്ലെന്നാണ് മനോരമയുടെ കണ്ടെത്തൽ. സിപിഐ രണ്ട് സീറ്റിൽ മാത്രം മത്സരിക്കുന്നുവെന്നും വാർത്തയിൽ പറയുന്നു.
അതേസമയം, മണിപ്പുരിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കാനും സംസ്ഥാനത്ത് മതനിരപേക്ഷ സർക്കാർ രൂപീകരിക്കാനും ആവശ്യമായ രാഷ്ട്രീയ നിലപാടാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്. ബിജെപി വിരുദ്ധ വോട്ടുകൾ പരമാവധി ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം മത്സരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ക്ഷേത്രിമയൂം സാന്റ വ്യക്തമാക്കി.
കോൺഗ്രസ്, സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, ജെഡിഎസ് എന്നീ കക്ഷികളുമായി സിപിഐ എം തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം രൂപീകരിച്ചിട്ടില്ല. വോട്ടുകൾ ഭിന്നിച്ചുപോകുന്നത് ഒഴിവാക്കാൻ ഒരിടത്തും പാർടി സ്ഥാനാർഥികൾ മത്സരിക്കുന്നില്ല. ബിജെപിയുടെ പരാജയം ഉറപ്പാക്കാൻ സംയുക്തമായും സ്വതന്ത്രമായും പാർടി പ്രചാരണം നടത്തുകയും ചെയ്യുന്നു. 54 കോൺഗ്രസ് സ്ഥാനാർഥികളുടെയും രണ്ട് സിപിഐ സ്ഥാനാർഥികളുടെയും വിജയത്തിനായാണ് പാർടി നിലകൊള്ളുന്നതെന്ന് സാന്റ പറഞ്ഞു. ഈ നിലപാടിനെയാണ് മനോരമ പരിഹാസരൂപേണ അവതരിപ്പിച്ചത്.















