മൂന്നാർ > പടയപ്പയെന്ന ഓമനപ്പേരിൽ അറിയുന്ന കാട്ടാനയും കാട്ടിൽനിന്നിറങ്ങിയ ഒറ്റയാനും തമ്മിൽ ഏറ്റുമുട്ടി. പടയപ്പയുടെ ദേഹമാകെ പരിക്കേറ്റു. ശനി രാത്രി ഒന്നോടെയാണ് സംഭവം. കണ്ണൻദേവൻ കമ്പനി നല്ലതണ്ണി എസ്റ്റേറ്റ് നടയാർ കുറുമല ഡിവിഷനിലെ റോഡിലാണ് ഗജവീരന്മാർ ഏറ്റുമുട്ടിയത്. ആനകളുടെ ഏറ്റുമുട്ടലിൽ റോഡിലാകെ ചോര വീണ നിലയിലാണ്. ഏറ്റുമുട്ടലിൽ റോഡിനു ഇരുവശങ്ങളിലുമുള്ള നിരവധി തേയിലച്ചെടികൾ പിഴുതെറിഞ്ഞു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഞായർ പുലർച്ചെ അഞ്ചുവരെ ഇരു കാട്ടാനകളും ചിന്നംവിളിച്ചും ശബ്ദമുണ്ടാക്കിയും നിന്നു.
പടയപ്പയുടെ ദേഹത്തും രണ്ട് കാലുകൾക്കും ഗുരുതര പരിക്കുള്ളതായി വനപാലകർ പറയുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന നടയാർ സ്വദേശി പ്രവീൺകുമാറിന്റെ ഓട്ടോറിക്ഷയും തകർത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂന്നാറിൽനിന്ന് വനപാലകരെത്തി ബഹളംവച്ചും പടക്കംപൊട്ടിച്ചും കാട്ടാനകള വനത്തിലേക്ക് വിരട്ടിയോടിച്ചു. വനത്തിൽ കഴിയുന്ന മറ്റ് കാട്ടാനകളോട് പൊതുവെ ചങ്ങാത്തംകൂടുന്ന സ്വഭാവക്കാരനല്ല പടയപ്പ. ഭക്ഷണപ്രിയനായ ഈ കാട്ടാന രണ്ടു മാസമായി മൂന്നാറിലും സമീപപ്രദേശങ്ങളിലും ചുറ്റിത്തിരിയുകയായിരുന്നു. ആരെയും ഉപദ്രവിക്കാൻ മുതിരാതെ അർധരാത്രി പഴക്കടകളിൽനിന്ന് സാധനങ്ങൾ എടുത്തു ഭക്ഷിച്ച് സമീപമുള്ള കാട്ടിലേക്ക് മടങ്ങുകയാണ് ശീലം. സംസ്ഥാനത്തും പുറത്തുമുള്ള സഞ്ചാരികളുടെയും ആനപ്രേമികളുടെയും ഇഷ്ടതാരമാണ് പടയപ്പ. കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് എസ്റ്റേറ്റിലെ തൊഴിലാളികൾ ഭീതിയിലാണ്.















