പുതിയ സംവിധായകർ പ്രശ്നഭരിതമായ സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത്. ഞങ്ങൾ സിനിമയെടുക്കും നിങ്ങൾ കണ്ടു കൊള്ളുക എന്ന രീതി മാറിക്കഴിഞ്ഞു. അഞ്ചു സിനിമയുടെ സഞ്ചയമായ ഫ്രീഡം ഫൈറ്റ് പുതിയ സിനിമാ പ്രവർത്തകരുടെ പരീക്ഷണമാണ്
കണ്ടു മറക്കേണ്ട കേവല വിനോദമല്ല മറിച്ച് സർഗാത്മകവും ജീവിതഗന്ധിയുമായ രാഷ്ട്രീയ വിമർശന കലയാണതെന്ന് ആവർത്തിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലൂടെ മലയാളിയെ ഞെട്ടിച്ച ചലച്ചിത്രകാരൻ സാംസ്കാരികവും രാഷ്ട്രീയവുമായ ആഘാതമേൽപ്പിക്കയാണ് ഫ്രീഡംഫൈറ്റിലൂടെ. വ്യത്യസ്തമായ സ്വാതന്ത്ര്യബോധത്തിന്റെ തലങ്ങൾ അവതരിപ്പിച്ച് നാമെത്രമാത്രം സ്വതന്ത്രരാണ് എന്ന ചോദ്യം ഉന്നയിക്കുകയാണ് ജിയോ ബേബിയും സംഘവും ഫ്രീഡംഫൈറ്റിലൂടെ. ജിയോ ബേബി സംവിധാനം ചെയ്ത ഓൾഡ് ഏജ് ഹോം കൂടാതെ ഗീതു അൺചെയിൻഡ് (അഖിൽ അനിൽകുമാർ), അസംഘടിതർ (കുഞ്ഞില മാസിലാമണി), റേഷൻ ക്ലിപ്ത വിഹിതം (ഫ്രാൻസിസ് ലൂയിസ്), പ്ര.തൂ.മു. (ജിതിൻ ഐസക് തോമസ്)എന്നിവയാണ് ഫ്രീഡം ഫൈറ്റിലുള്ളത്. ഫ്രീഡം ഫൈറ്റിനെക്കുറിച്ച് ജിയോ ബേബി:
ഈ അഞ്ച് സിനിമ എന്റെ മാത്രം ചിന്തയല്ല. ഉള്ളടക്കത്തിനായുള്ള അന്വേഷണത്തിനിടയിലാണ് മറ്റു നാല് പേരിലെത്തിയത്. സാംസ്കാരികമായ അന്വേഷണങ്ങൾക്ക് ഫ്രീഡംഫൈറ്റ് കാരണമായതിൽ സന്തോഷം. സിനിമയെക്കുറിച്ച് ആരോഗ്യകരമായ വിമർശമുണ്ട്.
സംഘർഷനിർഭരമായ കാലത്തിന്റെ ഉൽപ്പന്നമാണ് വിഖ്യാതമായ കലാസൃഷ്ടികളെല്ലാം. അടുക്കള ഇത്രയും പ്രശ്നഭരിതമാണെന്ന തിരിച്ചറിവോടെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെത്തുന്നത്. അല്ലാതെ രാഷ്ട്രീയമോ വിമർശമോ ഉന്നയിക്കാനായി സിനിമ ചെയ്യുകയല്ല. നമ്മുടെ സമൂഹം ഇങ്ങനെയാകുമ്പോൾ ഇതുപോലുള്ള സിനിമകളല്ലാതെ മറ്റെന്താവിഷ്കരിക്കാനാകും. രാഷ്ട്രീയ അപചയവും സാംസ്കാരിക അധഃപതനവും ചിത്രീകരിക്കുന്നതിന് മൂലധനം ഇത്തരം ചിന്തകളും അവസ്ഥയുമാണ്. വ്യവസ്ഥാപിത മാനദണ്ഡങ്ങൾക്കിടയിലാണ് മലയാളിയുടെ ഇന്നത്തെ ജീവിതം. ഇത്രവയസ്സിൽ കല്ല്യാണം, വലിയ വീട്, ആഡംബര വാഹനം. ഇതെല്ലാമാണ് സമൂഹത്തിലെ ചർച്ച. അതിനെ പ്രോത്സാഹിപ്പിക്കുന്നു മാധ്യമങ്ങളും കലാവിഷ്കാരങ്ങളും. ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന മാസിക ചിലപ്പോൾ സാംസ്കാരികമായ മോശം ചിന്ത പരത്തുന്നതാകും. സിനിമയും അങ്ങനെതന്നെ.
നമ്മൾ മാറ്റത്തിന്റെ പാതയിലാണ്. സാംസ്കാരികമായ മാലിന്യം കണ്ടാൽ അതിനെ വിമർശിക്കാൻ തയ്യാറാകുന്ന യുവതലമുറ ഇവിടെയുണ്ട്. നമ്മുടെ സിനിമകൾ മാറുകയാണ്. ആശയത്തിന് പ്രാധാന്യം നൽകുന്ന സിനിമകളാണ് ഞാൻ ചെയ്തത്. പ്രേക്ഷകനെക്കുറിച്ച് മുൻവിധികളും ബോധ്യങ്ങളുമായി നിർമിക്കുന്ന സിനിമകളായിരുന്നു ഏറെയും. ഞങ്ങൾ ഒരു സിനിമ തരും അത് നിങ്ങൾ അത് കണ്ടുകൊള്ളുക എന്ന സമീപനം. എന്നാൽ പുതുതലമുറയുടെ സമീപനം ഞങ്ങൾ തരും നിങ്ങൾ കാണൂ എന്നതല്ല. ഞങ്ങൾക്കെന്തെങ്കിലും പറയാൻ ഉണ്ടെങ്കിലാണത് സിനിമയാക്കുന്നത്. തെറ്റായ രീതിയിലുള്ള കാര്യങ്ങൾക്കിവിടെ വിപണിയുണ്ട്. ഭൂരിഭാഗത്തിനും അതിനോടാണ് ചായ്വ്. എന്നാൽ സിനിമ മാറുന്നതിനൊപ്പം പ്രേക്ഷകരും മാറുന്നുണ്ട്. അവർ സുശിക്ഷിതരാണ്. ഈയിടെ വിജയിച്ച സിനിമകൾ നോക്കൂ. എല്ലാം നല്ല വിഷയങ്ങൾ കൈകാര്യംചെയ്തവയാണ്. മോശം പ്രമേയമുള്ളവ തിരസ്കരിക്കപ്പെടും.
ഞാൻ അടുക്കളയിൽ കയറി ജോലിചെയ്യുമ്പോഴാണ് അടുക്കളയിലെ ജീവിതം ചിന്തയിലേക്ക് വരുന്നത്. അടുക്കള പെണ്ണിന്റെ ഉത്തരവാദിത്വമാണ്, അതിനെപ്പറ്റി സംസാരിക്കേണ്ട എന്ന ബോധ്യമാണിവിടെ ഭരിക്കുന്നത്. വായിക്കാൻ, എഴുതാൻ കഴിയാതെ അടുക്കളയിൽ തീരുന്ന ജീവിതം ഞാൻ അനുഭവിച്ചതാണ്. അപ്പോൾ ഞാൻ സ്ത്രീകളെക്കുറിച്ച് ചിന്തിക്കുന്നു. അതിനാലാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എടുത്തത്. കാലത്തിന്റെ അനിവാര്യതയാണ് ഇത്തരം സിനിമകൾ. അതാരെങ്കിലും ചെയ്യണം. മുമ്പ് സിനിമയിൽ സ്ത്രീകൾ അസ്വതന്ത്രകളായിരുന്നു. വീക്ഷണമോ അഭിപ്രായമോ ഇല്ലാത്ത ജീവികൾ. ഒരുപക്ഷേ അന്നത്തെ കാലമതാകാം. എന്നാൽ ആ കാലത്തിനോട് പുതിയകാലം കണക്കുചോദിക്കുകയാണ്.
പുരുഷാധിപത്യം വൃത്തികേടാണ്. അതിനെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുകയായിരുന്നു നമ്മുടെ സിനിമകൾ. ഇന്നതിനെ പൊളിക്കാൻ തുടങ്ങുകയാണ്. അത് ഒരു സിനിമകൊണ്ട് മാത്രം സാധ്യമല്ല. നാടകം, കവിത, ചിത്രകല തുടങ്ങി എല്ലാകലകളിലും പ്രതിരോധത്തിന്റെ ആവിഷ്കാരങ്ങളുണ്ടാകും. വീടിനകത്തും പുറത്തും സ്ത്രീയെ മാറ്റി അകറ്റി മുന്നോട്ടു പോകാനാകില്ല. അത് സ്ത്രീപക്ഷ കാഴ്ചപ്പാടായി ചുരുക്കിക്കാണേണ്ടതില്ല. വിശാലമായ മനുഷ്യപക്ഷ കാഴ്ചയാണത്. അതിനാൽ സ്ത്രീ പ്രശ്നങ്ങൾ കൂടുതലായി വിലയിരുത്തുന്ന സിനിമകൾ ഇനിയും ഉണ്ടാകണം. സമൂഹത്തിൽ പ്രശ്നങ്ങളും അസമത്വവും അനീതിയുമേറുമ്പോൾ അത് പറയാനും അവതരിപ്പിക്കാനുമുള്ള മാധ്യമമായി കലാപ്രവർത്തനത്തെ മാറ്റണം. സിനിമ വലിയ സ്വാധീനംചെലുത്തുന്ന മാധ്യമമായതിനാൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെയും നിർവഹിക്കാനുള്ള ബാധ്യത സിനിമാപ്രവർത്തകർക്കുമുണ്ട്. അത് നിറവേറ്റാൻ സന്നദ്ധരായ കലാകാരന്മാർ മലയാളത്തിലുണ്ട്.















