മലപ്പുറം > പുത്തനത്താണിയിൽ വയറിളക്കത്തെ തുടർന്ന് മരിച്ച കുട്ടിക്ക് രോഗം വന്നത് വിനോദയാത്ര വഴിയാകാമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന. കുട്ടിയുടെ ബന്ധുക്കൾ ഈ മാസം രണ്ടുമുതൽ അഞ്ചുവരെ കൊടെക്കനാൽ, മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിൽ വിനോദയാത്ര പോയിരുന്നു. തിരിച്ചെത്തിയശേഷം ഈ വീട്ടിലെ അഞ്ചുപേർക്ക് ഛർദിയും വയറിളക്കവും ഉണ്ടായിരുന്നു. 10ന് കുട്ടി ഈ ബന്ധുവീട് സന്ദർശിച്ചു. ഈ സമയം കുട്ടിക്ക് രോഗം പകർന്നിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.
13ന് കുട്ടിയും കുടുംബവും വയനാട്ടിൽ യാത്ര പോയി. തിരിച്ചെത്തുമ്പോഴേക്കും അവശനായ കുട്ടിയെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസമായി വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം. സംശയംതോന്നിയ സ്വകാര്യ ആശുപത്രി അധികൃതർതന്നെയാണ് കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. ഫലം വന്നാൽമാത്രമേ ഷിഗല്ല ആണോ അല്ലയോ എന്ന കാര്യം വ്യക്തമാകൂ.
ആശങ്ക വേണ്ട
ഷിഗല്ല സംശയം നിൽക്കുന്നുണ്ടെങ്കിലും ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു. കുട്ടിയുടെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. കുട്ടിയുടെ അമ്മയ്ക്കും ബന്ധുവായ മറ്റൊരു കുട്ടിക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും ഭേദമായി. മറ്റാർക്കും നിലവിൽ രോഗലക്ഷണമില്ല. ജില്ലയിൽ പ്രതിരോധ പ്രവർത്തനം ശക്തമായി നടക്കുന്നുണ്ട്.
പുത്തനത്താണിയിലും തിരൂർ നഗരസഭയിലും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. രോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയാനാൽ നല്ല ചികിത്സ നൽകാനാകും. വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടണം. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ അപകടം സംഭവിക്കാം. ജനങ്ങൾ തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ഡിഎംഒ പറഞ്ഞു.















