കൊല്ലം> ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനെതിരെ വിദ്യാര്ഥികളും യുവജനങളും വീട്ടമ്മമാരും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം കൊല്ലം സ്വദേശി രാഹുല് സ്വകാര്യ ബസിടിച്ച് മരിച്ചതിനെ തുടര്ന്നാണ് നാട്ടുകര് പ്രതിഷേധ മുന്നറിയിപ്പുമായി തെരുവിലിറങ്ങിയത്.
സ്വകാര്യബസുകളുടെ മത്സര ഓട്ടത്തില് ഒരാഴ്ചക്കിടെ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. കഴിഞ്ഞ ദിവസം അഞ്ച് കല്ലുംമൂട്ടില് ചവറ – കൊട്ടിയം റൂട്ടില് സര്വ്വീസ് നടത്തുന്ന വൈശാഖ് എന്ന സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തില് എം.കോം ബിരുദധാരിയായ 24 കാരന് രാഹുലിന്റെ ജീവന് നഷ്ടമായിരുന്നു. രാഹുലിന്റെ ബൈക്കിന്റെ ഹാന്ഡിലില് ബസ് തട്ടി. ബസിനടിയിലേക്ക് തെറിച്ച് വീണ് തലയിലൂടെ പിന്ചക്രം കയറിയിറങ്ങി രാഹുല് തല്ക്ഷണം മരിച്ചു.
അപകടത്തിനു ശേഷം നിര്ത്താതെ പോയ ബസിനെ പിന്തുടര്ന്ന ബൈക്ക് യാത്രികര് ബസ് തടഞ്ഞിട്ടു. ബസ് ഡ്രൈവര് ഓടി രക്ഷപ്പെട്ടു. ഏതാനും ദിവസങ്ങള്ക്ക് മുമ്പാണ് ശക്തികുളങ്ങര മരിയാലയം ജംഗ്ഷനിലും സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തില് ഒരാളുടെ ജീവന് നഷ്ടമായത്. സ്വകാര്യ ബസുകള് നിരത്തുകളെ കൊലക്കളമാക്കുന്ന പശ്ചാത്തലത്തിലാണ് ബഹുജന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. രാഹുലിന്റെ സുഹൃത്തുക്കളടക്കം നിരവധി പേര് ജ്വാലയില് പങ്കെടുത്തു.