പാലക്കാട്
കേരളത്തിലെ കോച്ച് ഫാക്ടറിക്ക് കോട്ടമൈതാനത്ത് തറക്കല്ലിട്ടിട്ട് തിങ്കളാഴ്ച 10 വർഷം പൂർത്തിയാകുന്നു. 2012 ഫെബ്രുവരി 21നാണ് അന്നത്തെ കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിൽ തറക്കല്ലിട്ടത്. ഒരു വർഷത്തിനകം നിർമാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് പോയതല്ലാതെ പിന്നീട് ഒന്നുമുണ്ടായില്ല. പിറവം ഉപതെരഞ്ഞെടുപ്പ് വിജയത്തിനായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയായിരുന്നു കോൺഗ്രസ്.
1979 ഡിസംമ്പർ 31ന് പാലക്കാട് കോട്ടമൈതാനിയിൽ ഇന്ദിരാ ഗാന്ധിയാണ് ആദ്യമായി പാലക്കാടിന് കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തത്. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് സേലം ഡിവിഷൻ രൂപീകരിച്ചപ്പോൾ പകരം ടൗൺഷിപ്പോടുകൂടിയ കോച്ച് ഫാക്ടറി വാഗ്ദാനം ആവർത്തിച്ചു. വി എസ് അച്യുതാനന്ദൻ സർക്കാർ കഞ്ചിക്കോട് വ്യവസായ മേഖലയിൽ 439 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി റെയിൽവേയ്ക്ക് നൽകി. 2008–-09 റെയിൽവേ ബജറ്റിൽ കോച്ച് ഫാക്ടറിക്ക് അനുമതിയായി.
ലാലുപ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരിക്കെ 900 ഏക്കറിൽ ടൗൺഷിപ്പോടെയുള്ള കോച്ച് ഫാക്ടറിയാണ് വാഗ്ദാനം ചെയ്തത്. രണ്ടാം യുപിഎ സർക്കാർ അത് 76 ശതമാനം സ്വകാര്യ പങ്കാളിത്തമുള്ള ചെറുകിട ഫാക്ടറിയായി ചുരുക്കി. അന്ന് കേരളത്തിൽനിന്ന് എട്ട് കേന്ദ്രമന്ത്രിമാരും 16 യുഡിഎഫ് എംപിമാരും ഉണ്ടായിട്ടും പദ്ധതി വാങ്ങിയെടുക്കാൻ ഒന്നും ചെയ്തില്ല. 2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യപ്രചാരണവും കോച്ച് ഫാക്ടറിയായിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വാഗ്ദാനം ആവർത്തിച്ചു. കോച്ച് ഫാക്ടറിക്ക് തുക അനുവദിച്ചുവെന്നായിരുന്നു കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണം. എന്നാൽ ബജറ്റിലുൾപ്പെടെ പദ്ധതിയെ പൂർണമായി തഴഞ്ഞു.