തിരുവനന്തപുരം
സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന് ആർഎസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസിൽ (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) നിയമനം നൽകി വെട്ടിലായി ബിജെപി. സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കാനാണ് ‘വെളിപ്പെടുത്തലുമായി’ സ്വപ്നയെ ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അറിവാടെ രംഗത്തിറക്കിയതും പ്രത്യുപകാരമായി സംഘപരിവാർ നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ ഉന്നതസ്ഥാനത്ത് ഇരുത്തിയതും. കള്ളക്കടത്തുകേസിലേക്ക് സംസ്ഥാന സർക്കാരിനെ വലിച്ചിഴയ്ക്കാൻ നോക്കിയ ബിജെപി സംസ്ഥാന നേതൃത്വമാണ് ഇതോടെ വെട്ടിലായത്.
ആർഎസ്എസ് സൈദ്ധാന്തികനും സംഘപരിവാർ സംഘടനകളുടെ കോ–-ഓർഡിനേറ്ററുമായ കെ ജി വേണുഗോപാലാണ് എച്ച്ആർഡിഎസിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായുള്ള സ്വപ്നയുടെ നിയമനത്തിനു പിന്നിൽ. എന്നാൽ, ഇദ്ദേഹത്തിന് തനിയെ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ബിജെപിക്കുള്ളിലെ സംസാരം. കേരളത്തിൽനിന്നുള്ള ഒരു ദേശീയ നേതാവാണ് ഇതിനു പിന്നിലെ ബുദ്ധിയെന്നും കൃഷ്ണദാസ് പക്ഷത്തുള്ളവർ ആരോപിക്കുന്നു. എന്നാൽ, ആർഎസ്എസ് പിൻബലമുള്ള കെ ജി വേണുഗോപാലിനെതിരെ ശബ്ദമുയർത്താൻ ഇവർക്കുമാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഫ്രെയിം ചെയ്തുവച്ച ഓഫീസിൽ സ്വപ്ന അധികാരമേറ്റതോടെ ഇത്രകാലം പറഞ്ഞ ആരോപണങ്ങളും ആക്ഷേപങ്ങളും വിഴുങ്ങേണ്ട അവസ്ഥയിലായി ബിജെപി.