കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി20 പ്രവർത്തകൻ ദീപുവിന്റെ മരണകാരണം തലയോട്ടിയിലേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ രോഗം മരണത്തിന് ആക്കം കൂട്ടിയെന്നും റിപ്പോർട്ട്. ഡോക്ടർമാർ പോലീസിന് നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
തലയോട്ടിക്ക് പിന്നിൽ രണ്ടിടത്തായി ക്ഷതമുണ്ട്. ഒപ്പംതന്നെ രക്തം കട്ടപിടിക്കുന്ന സ്ഥിതിയുമുണ്ടായി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഡോക്ടർമാർ നൽകുന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ കേസിന്റെ മറ്റ് നടപടിക്രമങ്ങളുമായി പോലീസ് മുന്നോട്ട് പോകുകയാണ്.
ഇതുവരെ നാല്പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുംദിവസങ്ങളിൽ പോലീസിന് ലഭിക്കും. കൊല്ലപ്പെട്ട ദീപുവിന്റെ ശവസംസ്കാരം കാക്കനാട് സ്മശാനത്തിൽശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ നടന്നു.
ദീപുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് സിപിഎം പ്രവർത്തകർ മർദ്ദിച്ചതെന്നുംരാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പോലീസ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിരുന്നു. സ്ഥലത്ത് തുടർപ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
Content Highlights: twenty 20 activist deepus post mortem report