തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമർശനത്തിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇടതു മുന്നണിയെ തകർക്കാൻ തന്നെ ഉപയോഗിക്കരുതെന്നും മുന്നണിയിൽ അഭിപ്രായ ഭിന്നതയുണ്ടെങ്കിൽ അത് തന്റെ മേൽ തീർക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോൾ നടക്കുന്ന സംഭവവവികാസങ്ങളിൽ തനിക്ക് യാതൊരു വിധത്തിലുള്ള മനഃപ്രയാസവുമില്ലെന്നും താൻ ആത്മവിശ്വാസത്തിലാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പാർട്ടി പ്രവർത്തകരെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ച് അവർക്ക് പെൻഷൻ നൽകുന്നതിനെതിരായ നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നും ഗവർണർ ആവർത്തിച്ചു. ഇത്തരത്തിൽ സർക്കാർ പൊതുഖജനാവിൽ നിന്ന് പണം കൊള്ളയടിക്കുകയാണ്. ഇത് ഭരണഘടനയുടെ മൂല്യങ്ങൾക്ക് എതിരാണ്. ഭരണഘടനയ്ക്ക് അനുസൃതമായാണ് ഭരണം നടക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് താനിവിടെയുള്ളത്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുമ്പോൾ അത് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞാൽ തനിക്കൊരു കുഴപ്പവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യമില്ലാത്ത ആർഭാടമാണ് ഗവർണർ എന്നും 157 സ്റ്റാഫുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു. മന്ത്രിസഭ പാസാക്കികൊടുക്കുന്ന നയപ്രഖ്യാപനം വായിക്കാൻ ബാധ്യതപ്പെട്ടയാളാണ് ഗവർണർ. ആ ബാധ്യത അദ്ദേഹം നിർവഹിക്കേണ്ടതാണ്. അതു ചെയ്തില്ലെങ്കിൽ രാജിവെച്ച് പോകേണ്ടിവരുമെന്നും കാനം രാജേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
പേഴ്സണൽ സ്റ്റാഫിന്റെ കാര്യത്തിൽ ഇടപെടാൻ ഗവർണർക്ക് അധികാരമില്ലെന്നും അത് എക്സിക്യൂട്ടീവിന്റെ അധികാരത്തിൽ പെട്ടതാണെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: governor reply to kanam rajendran