തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായികളോട് ശത്രുതാപരമായി പെരുമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായികളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് ശിഷ്ടകാലം ജയിലിൽ കിടക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
നിക്ഷേപത്തിന് വലിയ തുക വരുമ്പോൾ അതിന്റെ ഒരു ഭാഗം തനിക്കുവേണം എന്ന് പറയാൻ മടികാണിക്കാത്ത ചിലർ കേരളത്തിലുണ്ടെന്നും അത്തരക്കാർക്ക് അധികകാലം വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ലെന്നും അതിനാണല്ലോ ജയിലെന്നും മുഖ്യന്ത്രി പറഞ്ഞു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സംസ്ഥാനത്ത് ഒരു പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ വലിയ പദ്ധതി വരുമ്പോൾ ആകെ നിക്ഷേപത്തിന്റെ ഒരു ഭാഗം കണക്കാക്കി തങ്ങളുടെ കീശയിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽവിമർശിച്ചു.
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ്പ്രസംഗത്തിൽ മുഖ്യമന്ത്രി നൽകിയത്. ഇതിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കായിരുന്നു മുന്നറിയിപ്പ്.എന്നാൽ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ അദ്ദേഹം പരാമർശിച്ചില്ല.
Content Highlights: cm pinarayi vijayan warns those who misbehave with investors