കൊച്ചി> കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല സെന്റര് ഫോര് സയന്സ് ഇന് സൊസൈറ്റിയുടെ ഡയറക്ടറും സര്വകലാശാലയിലെ മുന് അധ്യാപകനും എഴുത്തുകാരനുമായ തൃക്കാക്കര ‘നന്ദന’ത്തില് ഡോ. കെ ഗോപാലകൃഷ്ണന് നായര് (86) അന്തരിച്ചു. പ്രായാധിക്യത്തെ തുടര്ന്നായിരുന്നു അന്ത്യം.
കേരള സര്വകലാശാലയില് നിന്നും ഗവേഷണ ബിരുദം നേടിയ അദ്ദേഹം കുസാറ്റ് ഫിസിക്സ് വകുപ്പില് അധ്യാപകനായി ജോലിയില് പ്രവേശിക്കുന്നതിന് മുന്പ് ഡല്ഹി സര്വകലാശാലയിലും കേരള സര്വകലാശാലയിലും അധ്യാപകനായിരുന്നു. 1995 ല് കുസാറ്റ് ഇലക്ട്രോണിക്സ് വകുപ്പിന്റെ സ്ഥാപക മേധാവിയായി. ഇലക്ട്രോണിക്സ് വകുപ്പിന്റെ തുടക്കത്തില് തന്നെ മൈക്രോവേവ് ആന്റിനയും പ്രോപ്പഗേഷന് ലബോറട്ടറിയും സജ്ജമാക്കിയത് അദ്ദേഹത്തിന്റെ മേല്നോട്ടത്തിലായിരുന്നു.
1994 ല് വ്യാവസായികോപകരണങ്ങളുടെയും ലാബ് ഉപകരണങ്ങളുടെയും കൃത്യത നിര്ണ്ണയിക്കാനും ഗവേഷണ ഫലങ്ങളുടെ വിശകലനത്തിനുമായി ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കേന്ദ്രമായ സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്റ് ഇന്സ്ട്രുമെന്റേഷന് സെന്റര് (സ്റ്റിക് ) ന്റെ പ്രോജക്ട് രൂപകല്പനയില് ഉള്പ്പടെ ഭാഗമായിരുന്ന അദ്ദേഹം 2002 വരെ ഈ സ്ഥാപനത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. കുസാറ്റില് 1991 ല് പ്രവര്ത്തനമാരംഭിച്ച ശാസ്ത്ര സമൂഹകേന്ദ്രവും (സി-സിസ്) സയന്സ് പാര്ക്കും ഡോ.കെ ജി നായരുടെ ഭാവനയില് വിരിഞ്ഞതാണ്.
അടിസ്ഥാന ശാസ്ത്ര തത്വങ്ങളെയും ശാസ്ത്ര പ്രതിഭകളെയും പറ്റി സ്കൂള് വിദ്യാര്ഥികളെ പഠിപ്പിക്കുന്ന ഈ കേന്ദ്രം അടിസ്ഥാന ശാസ്ത്ര പ്രചരണ രംഗത്ത് ഇതിനകം ഇന്ത്യയിലെ മറ്റൊരു സര്വകലാശാലക്കും അവകാശപ്പെടാനാകാത്ത നേട്ടങ്ങളാണ് കൊയ്തത്. ശാസ്ത്രം കുട്ടികളിലും സാധാരണക്കാരിലുമെത്തിക്കാന് കവിയായും കഥാകാരനായും നിരവധി രചനകള് നടത്തിയ അദ്ദേഹം ഡോ. വെളിയനാട് ഗോപാലകൃഷ്ണന് നായര് എന്ന തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്.
ശാസ്ത്രജ്ഞന്മാരുടെ ജീവിത കഥകളെ മുന്നിര്ത്തി 1960 ല് അദ്ദേഹം എഴുതിയ ‘ശാസ്ത്രവീഥിയിലെ നാഴികക്കല്ലുകള്’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ശാസ്ത്ര പുസ്തകങ്ങളുടെ പരിഭാഷകനായി ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിലും പ്രവര്ത്തിച്ചു
.
1988 ല് ആന്റിന ആന്റ് പ്രോപ്പഗേഷന് സിമ്പോസിയം തുടങ്ങിവെച്ച അദ്ദേഹം യൂണിവേഴ്സിറ്റി ഗ്രാന്സ് കമ്മീഷന്റെ ഹോമി ജെ ബാബ പുരസ്കാരത്തിന് അര്ഹനായി. കൂടാതെ 2008 ല് സ്വദേശി സയന്സ് അവര്ഡും 2009 ലെ കൊച്ചിന് റോട്ടറി അവാര്ഡ്, 1975 ലെ കേരള സര്ക്കാരിന്റെ മികച്ച ശാസ്ത്ര പുസ്തകത്തിനുള്ള പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 190 ഓളം ഗവേഷണ പ്രബന്ധങ്ങളും 130 ലധികം ശാസ്ത്ര ലേഖനങ്ങളും ശാസ്ത്ര കവിതാ സമാഹാരവും മൂന്ന് ശാസ്ത്ര പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സിഎസ്ഐആര്, ഐസ്ആര്ഒ, ഡിഎസ്ടി, കെഎസ്സിഎസ്ടിഇ, കുസാറ്റ് എന്നിവിടങ്ങളിലായി നിരവധി ഗവേഷണ പ്രോജക്ടുകള് പൂര്ത്തിയാക്കിയിട്ടുണ്ട്.
ഭാര്യ: പരേതയായ ഡോ. പി കെ നവനീതമ്മ, മക്കള്: ഡോ. ഗോപാല് ഹരികുമാര്, ഡോ. ജി ബാലകൃഷ്ണന് നായര്.
ഡോ. കെ. ജി. നായരുടെ നിര്യാണത്തില് കൊച്ചി ശാസ്ത്ര സാങ്കേതിക സര്വകലാശാല വൈസ് ചാന്സലര് ഡോ. കെ. എന്. മധുസൂദനന് അനുശോചനം രേഖപ്പെടുത്തി.