തിരുവനന്തപുരം> കെ എസ് ഇ ബിയില് വര്ഷങ്ങളായി പ്രമോഷന് മുടങ്ങിയിരുന്ന 4230 തൊഴിലാളികള്ക്ക് രണ്ടാഴ്ചയ്ക്കകം പ്രമോഷന് ലഭിക്കും.സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച സുപ്രധാന വിധിയാണ് വര്ഷങ്ങളായി മുടങ്ങി കിടക്കുന്ന കെഎസ്ഇബി തൊഴിലാളികളുടെ പ്രമോഷന് വഴി തുറന്നത്.
സര്ക്കാര് അധികാരത്തില് വന്നതിനു ശേഷം എല്ലാ യൂണിയന് പ്രതിനിധികളുമായി വൈദ്യുതി വകുപ്പ് മന്ത്രി നടത്തിയ ചര്ച്ചയില് കോടതി ഇടപെടല് കാരണം പ്രമോഷനുകള് വര്ഷങ്ങളായി തടസപ്പെട്ടിരിക്കുന്ന വിഷയം ഉന്നയിച്ചിരുന്നു. തുടര്ന്ന് സുപ്രീം കോടതിയിലെ കേസ് അതിവേഗം പരിഗണനയില് കൊണ്ട് വരുന്നതിനുള്ള ഇടപെടലുകള് സര്ക്കാര് നടത്തിയതിന്റെ അടിസ്ഥാനത്തില് ഈ മാസം ആദ്യ ആഴ്ച തന്നെ കേസ് പരിഗണിക്കുകയും ഇന്നലെ വിധി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
വിധി പഠിച്ച് അര്ഹതപ്പെട്ട പ്രമോഷനുകള് രണ്ടാഴ്ചയ്ക്കകം കൊടുക്കാന് കെ എസ് ഇ ബി ചെയര്മാന് മന്ത്രി കെ കൃഷ്ണന്കുട്ടി നിര്ദ്ദേശം നല്കി
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില് ലൈന്മാന് 2 ല് നിന്നും ലൈന്മാന് 1 ലേക്ക് 3170 പേര്ക്കും, ലൈന്മാന് 1 ല് നിന്ന് ഓവര്സീയറിലേക്ക് 830 പേര്ക്കും, ഓവര്സീയര് / മീറ്റര് റീഡറില് നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേര്ക്കും സബ് എഞ്ചിനീയറില് നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേര്ക്കും, ഇങ്ങനെ ആകെ 4230 പേര്ക്ക് പ്രമോഷന് കിട്ടുമെന്ന് കെ എസ് ഇ ബിയില് നിന്ന് ലഭിച്ച കണക്കുകള് വ്യക്തമാക്കുന്നു.
വര്ഷങ്ങളായി മുടങ്ങിയിരുന്ന പ്രമോഷനുകള് ലഭിക്കുന്നത് കെ എസ് ഇ ബിയുടെ ആകെയുള്ള പ്രവര്ത്തനത്തിലും പ്രതിഫലിക്കും.