കോഴിക്കോട്: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ പറയുന്ന എൻ.ജി.ഒയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. സ്വപ്നയ്ക്ക് ജോലി നൽകിയിരിക്കുന്നത് സിപിഎമ്മുകാരനായ പഴയ എസ്.എഫ്.ഐ നേതാവിന്റെ സ്ഥാപനത്തിലാണ്.
വിവാദ നിയമനം ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. എച്ച്.ആർ.ഡി.എസ് എന്ന കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. തൊടുപുഴയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് മുൻ മന്ത്രി എംഎം മണിയാണ്. നിയമനം നൽകിയത് പഴയകാല എസ്.എഫ്.ഐയുടെ പ്രമുഖ നേതാവാണ്.
ഇക്കാര്യം എല്ലാവർക്കും അറിയുന്നതാണെന്നും പിന്നെങ്ങനെയാണ് അത് ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കുകയെന്നും അദ്ദേഹം ചോദിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ആർക്കെങ്കിലും നിയമനം നൽകുന്നതിന് താൻ എന്തിനാണ് ഉത്തരം പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതികരണമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരുടെ രാഷ്ട്രീയം നോക്കേണ്ട കാര്യം ബിജെപിക്ക് ഇല്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlights: k surendran says hrds is not an ngo related with bjp